KeralaNEWS

വഴിമുടക്കി കൊടിമരം പിഴുതെറിഞ്ഞ് വനിതകള്‍; 136 സിപിഎം അനുഭാവികള്‍ ബിജെപിയില്‍

ആലപ്പുഴ: എട്ടുമാസത്തോളം പരാതി നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ സിപിഎം കൊടിമരം പിഴുതെടുത്ത് സിപിഎം അനുഭാവികള്‍ ആയിരുന്ന കുടുംബവും ബന്ധുക്കളും. പിന്നാലെ സിപിഎം അനുഭാവികള്‍ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136 പേര്‍ സിപിഎം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നു. ചേര്‍ത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളും അടക്കമുള്ളവരാണ് ബിജെപിയില്‍ ചേര്‍ന്നത്. പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിമുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം പൊളിച്ചുമാറ്റണമെന്ന വീട്ടുകാരുടെ അഭ്യര്‍ത്ഥന പാര്‍ട്ടി നേതൃത്വം ചെവിക്കൊള്ളാതെ വന്നതോടെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെത്തി കൊടിമരം നീക്കം ചെയ്തത്.

കൊടിമരം പൊളിക്കുന്നത് തടയാന്‍ സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ എത്തിയതോടെ സംഘര്‍ഷാവസ്ഥയുമുണ്ടായി. എട്ടുമാസത്തോളം പരാതി നല്‍കി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. സ്ത്രീകളടക്കമുള്ളവരാണ് സിപിഎമ്മിന്റെ കൊടിമരം പൊളിച്ചു നീക്കിയത്. താല്‍ക്കാലികമായി സ്ഥാപിച്ച കൊടിമരം ചിലരുടെ പിടിവാശിയെ തുടര്‍ന്ന് സ്ഥിരമാക്കി. കൊടിമരം വഴിയ്ക്കു കുറുകെ സ്ഥാപിച്ചതിനാല്‍ സാധനങ്ങള്‍ എത്തിക്കാനാകാതെ വീടുനിര്‍മാണവും മുടങ്ങി.

ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമന്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല. സിപിഎം ജില്ലാ സെക്രട്ടറി മുതല്‍ പാര്‍ട്ടിയുടെ എല്ലാ ഘടകത്തിലും പൊലിസിലും പരാതി നല്‍കിയെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു. ഇതോടെയാണ് സ്ത്രീകള്‍ ഇറങ്ങി കൊടിമരം വഴിയുടെ നടുവില്‍ നിന്ന് നീക്കിയത്. കൊടിമരം നീക്കുന്നതിന് തടസം നില്‍ക്കുന്നു എന്ന ആരോപണം നേരിടുന്ന സിപിഎം കൗണ്‍സിലര്‍ അനൂപ് ചാക്കോ തടയാന്‍ ശ്രമിച്ചിട്ടും സ്ത്രീകള്‍ പിന്‍മാറിയില്ല.

പുന്നപ്ര-വയലാര്‍ സമര വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിയില്‍ താല്‍ക്കാലികമായി സിപിഎം കൊടിമരം സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും കൊടിമരം നീക്കിയില്ല. മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ താല്‍ക്കാലിക കൊടിമരം കോണ്‍ക്രീറ്റ് ഇട്ട് സ്ഥിരമാക്കി. കൊടിമരം സ്ഥാപിക്കുന്നതിന് മുന്‍പ് വീടിന്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു. കൊടിമരം നില്‍ക്കുന്നതിനാല്‍ നിര്‍മാണ വസ്തുക്കള്‍ എത്തിക്കാനാകാതെ വന്നതോടെ 8 മാസമായി വീട് നിര്‍മാണം മുടങ്ങിയിരിക്കുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: