കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടി!! തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനെന്ന് സർക്കാർ പറയണം- വിഡി സതീശൻ

ഇടുക്കി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടിയെന്ന വാദം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു. ഒരു സാധാരണ പൗരന് വേണ്ട സംരക്ഷണം പോലും തന്ത്രിക്ക് കിട്ടിയില്ല, സിപിഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു.
അതുപോലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തുന്നതിനെയും സതീശൻ വിമർശിച്ചു. ഇത് ഡാറ്റ മോഷണമാണ്. ജീവനക്കാരുടെ ഡാറ്റകൾ മോഷ്ടിച്ചതിൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഡാറ്റ മോഷണത്തിന് പിന്നിലെന്നും സതീശൻ ആരോപിച്ചു. എന്തുപറഞ്ഞാലും വർഗീയതയോട് നോ കോംപ്രമൈസ് നയമാണ് തങ്ങൾക്കുള്ളതെന്നും സതീശൻ പറഞ്ഞു. ചിലർ കയ്യിൽ വോട്ടുബാങ്കുണ്ടെന്ന് പറയും. അങ്ങനെ ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്നും വർഗീയത പറയാൻ വരണ്ട എന്ന് തിരിച്ച് പറയുമെന്നും സതീശൻ പറഞ്ഞു.
ഇതിനിടെ, സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിനെ ചൊല്ലി നിയമസഭയിൽ ഇന്ന് പ്രതിപക്ഷ, ഭരണപക്ഷ വാക്പോരുണ്ടായി. ഇന്ന് സഭ കൂടിയപ്പോൾ പ്രതിപക്ഷം ശബരിമല വിഷയം വീണ്ടും ഉയർത്തുകയും തന്ത്രിയെ പിന്തുണച്ച് നിലപാട് സ്വീകരിക്കുകയുമായിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അസാന്നിധ്യത്തിൽ കെ ബാബുവാണ് ശബരിമല വിഷയം നിയമസഭയിൽ ഉന്നയിച്ചത്. ശബരിമല തന്ത്രിയെ അനാവശ്യമായി നാൽപത് ദിവസം ജയിലിൽ അടച്ചതായി ബാബു നിയമസഭയിൽ പറഞ്ഞു. തന്ത്രിക്കെതിരെ ഒരു തെളിവുമില്ലെന്നാണ് കോടതി പറഞ്ഞതെന്നും കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ ഭരണപക്ഷം വിഷയത്തിൽ ഇടപെട്ടു, തന്ത്രിക്ക് എന്ത് പ്രത്യേക അവകാശമാണുള്ളതെന്ന് ഭരണപക്ഷം ചോദിച്ചു.
ആചാര ലംഘനവുമായി ബന്ധപ്പെട്ട് സർക്കാർ നിലപാടിനെ അനുകൂലിച്ചില്ല എന്നുപറഞ്ഞാണ് തന്ത്രി കണ്ഠരര് രാജീവരെ അനാവശ്യമായി ജയിലിൽ അടച്ചതെന്ന് കെ ബാബു സഭയിൽ പറഞ്ഞു. കൂടാതെ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണവും കെ ബാബു നിയമസഭയിൽ ചൂണ്ടിക്കാട്ടി.






