പരീക്ഷ എഴുതി ഡോക്ടറാകാൻ നിർബന്ധിച്ചു, മകൻ പിതാവിനെ വെടിവെച്ചു കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ വീടിനുള്ളിലെ ബാരലിൽ സൂക്ഷിച്ചു,, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് സഹോദരിയെ ഭീഷണിപ്പെടുത്തി, 21 കാരൻ അറസ്റ്റിൽ

ലക്നൗ: ഉത്തർപ്രദേശിലെ ആഷിയാനയിൽ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. ഫാർമസ്യൂട്ടിക്കൽ ബിസിനസും മദ്യവ്യാപാരവും നടത്തിയിരുന്ന മൻവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് കൊലപ്പെടുത്തിയത്. കരിയറിനെ ചൊല്ലിയുണ്ടായ കടുത്ത തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
49 വയസുകാരനായ മന്വേന്ദ്ര സിംഗ് വെള്ളിയാഴ്ച മുതൽ കാണാതായതായി കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് പോലീസ് അശിയാന മേഖലയിലുള്ള വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ നീല ബാരലിൽ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ മകൻ അക്ഷത് പ്രതാപ് സിംഗ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പിതാവും മകനും തമ്മിൽ ഭാവിയെക്കുറിച്ച് കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഫാർമസ്യൂട്ടിക്കൽ ബിസിനസും മദ്യ വ്യാപാരവും നടത്തി വന്നിരുന്ന മന്വേന്ദ്ര സിംഗ് മകനെ മത്സര പരീക്ഷകൾക്ക് തയ്യാറാക്കി മെഡിക്കൽ രംഗത്ത് കരിയർ നേടണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാൽ അക്ഷത് ഇതിനെ ശക്തമായി എതിർത്തിരുന്നു. ഇതിനെ തുടർന്ന് വീട്ടിൽ പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നുവെന്നും ഒരിക്കൽ വീട്ടുവിട്ടുപോയ സംഭവവും ഉണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ട് 4.30ഓടെ ഉണ്ടായ തർക്കം നിയന്ത്രണം വിട്ടതോടെ അക്ഷത് റൈഫിൾ ഉപയോഗിച്ച് പിതാവിനെ വെടിവെച്ചെന്നാണ് ആരോപണം. തുടർന്ന് മൂന്നാം നിലയിൽ നിന്നു മൃതദേഹം താഴത്തെ നിലയിലേക്ക് കൊണ്ടുവന്ന് ഒഴിഞ്ഞ മുറിയിൽ വെച്ച് മുറിച്ചുമാറ്റിയതായും അന്വേഷണത്തിൽ വ്യക്തമായി.
സംഭവം കണ്ട സഹോദരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ സദരൂണ പ്രദേശത്തിന് സമീപം ഉപേക്ഷിച്ചുവെന്നും മറ്റുഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് വീട്ടിനുള്ളിലെ ബാരലിൽ സൂക്ഷിച്ചതായും കണ്ടെത്തി.
കാണാതായ കേസ് അന്വേഷിച്ച് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ബാരൽ കണ്ടെത്തിയത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്. ശേഷിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും തുടരുന്നു.
പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട നിയമ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അശിയാന മേഖലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വിക്രാന്ത് വീർ അറിയിച്ചു. മന്വേന്ദ്ര സിംഗ് ജാലൗൺ ജില്ല സ്വദേശിയാണ്. അദ്ദേഹത്തിന്റെ പിതാവ് വിരമിച്ച ഉത്തരപ്രദേശ് പോലീസ് ഉദ്യോഗസ്ഥനാണ്. ഭാര്യ ഒമ്പത് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.






