KeralaNEWS

ഹൈറേഞ്ചില്‍ അവക്കാഡോ കൃഷി വ്യാപിക്കുന്നു; കിലോയ്ക്ക് വില 150 രൂപ വരെ

കട്ടപ്പന: പതിവ് നാണ്യവിളകള്‍ക്ക് പുറമേ ഇടുക്കി ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ അവക്കാഡോ പഴവും എത്തുന്നു. ഗുണമേന്മയും വലുപ്പവും കണക്കാക്കി 100 മുതല്‍ 150 രൂപയ്ക്കുവരെയാണ് മൊത്തവ്യാപാരികള്‍ ഇവിടുത്തെ കര്‍ഷകരില്‍നിന്ന് അവക്കാഡോ ശേഖരിക്കുന്നത്.

നാണ്യവിളകളുടെ വിലയിടിവിനെത്തുടര്‍ന്ന് സമ്മിശ്രകൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് അവക്കാഡോ മരങ്ങള്‍ ഹൈറേഞ്ചിലെ കൃഷിയിടങ്ങളില്‍ സ്ഥാനം പിടിച്ചത്. അവക്കാഡോ പഴങ്ങള്‍ മൂന്നുവര്‍ഷമായി വിപണിയില്‍ എത്തുന്നു. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് ഹൈറേഞ്ചിലെ അവക്കാഡോയുടെ വിളവെടുപ്പ്.

സംസ്ഥാനത്ത് ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലാണ് അവക്കാഡോ കൃഷി കൂടുതലുള്ളത്. മലയോരത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായ ഫലവൃക്ഷമാണ് ഇത്. മരത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ ഫലത്തിനുള്ളില്‍ തൈ മുളയ്ക്കുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകാറുണ്ട്.

പോഷകസമൃദ്ധമായ അവക്കാഡോ ഫലങ്ങള്‍ സാലഡ്, ജ്യൂസ് തുടങ്ങിയവയ്ക്കായാണ് ഉപയോഗിക്കുന്നത്. ഹൈറേഞ്ചിലെ വ്യാപാരികള്‍ ശേഖരിക്കുന്ന അവക്കാഡോ കൊച്ചിയിലേക്കാണ് പ്രധാനമായും കയറ്റി അയയ്ക്കുന്നത്.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: