KeralaNEWS

‘ഉടന്‍ നടപടി’യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടെ സ്വത്ത് ജപ്തിചെയ്തു

പത്തനംതിട്ട: മൈലപ്ര സഹകരണബാങ്ക് തട്ടിപ്പില്‍ നടപടി. ബാങ്ക് മുന്‍ ഭാരവാഹികളുടെയും ബന്ധുക്കളുടെയും സ്വത്തുവകകള്‍ ജപ്തി ചെയ്തു. ബാങ്ക് മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 18 കോടിയുടെ സ്വത്തുക്കളാണ് സഹകരണ വകുപ്പ് ജപ്തി ചെയ്തത്.

ബാങ്കില്‍ ഈട് വെച്ചിട്ടുള്ള വസ്തുക്കള്‍ ഇവര്‍ കൈമാറ്റം ചെയ്യാന്‍ നീക്കം നടക്കുന്നു എന്ന് അറിഞ്ഞാണ് ഉടന്‍ ജപ്തി നടപടിയെന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. വന്‍ ക്രമക്കേട് നടന്ന ബാങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഉള്‍പ്പെടെ പുരോഗമിക്കുകയാണ്. ബാങ്കില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തിരുന്നു.

Signature-ad

മൈലപ്ര സഹകരണ ബാങ്കില്‍ മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ് അസിസ്റ്റന്റ് രജിസ്റ്റാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അമൃത ഫാക്ടറിയില്‍ ഗോതമ്പ് സ്റ്റോക്കിലെ പൊരുത്തക്കേടുകള്‍, നിക്ഷേപകരുടെ വായ്പയിലെയും നിക്ഷപത്തിലേയും വ്യക്തത കുറവ്, ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി ഇതെല്ലാം കണക്കിലെടുത്താണ് അന്വേഷണം നടക്കുന്നത്.

അതിനിടെ, മൈലപ്ര സഹകരണ ബാങ്കില്‍ രണ്ടുകോടിയുടെ പുതിയ തട്ടിപ്പും അന്വേഷണത്തില്‍ സഹകരണവകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പുതിയ ബാങ്ക് സെക്രട്ടറി ഷാജി ജോര്‍ജിനെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സസ്പെന്‍ഡുചെയ്തിരുന്നു. മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തശേഷം ചുമതലയില്‍ വന്നയാളാണ് ഷാജി ജോര്‍ജ്. ബാങ്ക് ഓഫ് ബറോഡ പത്തനംതിട്ട ശാഖയില്‍ സഹകരണ ബാങ്കിനുണ്ടായിരുന്ന അക്കൗണ്ടില്‍നിന്ന് പല തവണയായി ചെക്ക് ഉപയോഗിച്ച് ഷാജി പണം പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു.

 

Back to top button
error: