ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിര്‍വഹിക്കരുതെന്ന ഉപാധിയോടെ അരവിന്ദ് കേജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്ന സാധ്യത സൂചിപ്പിച്ച് സുപ്രീം കോടതി. കേജ്രിവാളിന്റെ അഭിഭാഷകന്‍ ഈ ഉപാധിയെ ശക്തമായി എതിര്‍ത്തു. മദ്യനയക്കേസിനെ ബാധിക്കാമെന്നതിനാലാണ് ഉപാധിയെക്കുറിച്ച് ആലോചിക്കേണ്ടി വരുന്നതെന്ന് ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പുഘട്ടമായതിനാല്‍ മാത്രമാണ് ഇടക്കാല ജാമ്യത്തെക്കുറിച്ച് ആലോചിക്കുക പോലും ചെയ്യുന്നതെന്നും അല്ലെങ്കില്‍ അറസ്റ്റിനെതിരായ കേജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നതുമായി മുന്നോട്ടുപോകുമെന്നും ബെഞ്ച് പറഞ്ഞു. അങ്ങനെ വന്നാല്‍ ഇടക്കാല ആശ്വാസം കേജ്രിവാളിനു ലഭിക്കണമെന്നില്ലെന്നും വാദം കോടതിയുടെ വേനലവധിക്കു ശേഷവും നീണ്ടു പോകാമെന്നും ബെഞ്ച് സൂചിപ്പിച്ചു.
പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ കേജ്രിവാളിനു പ്രത്യേക പരിഗണന നല്‍കരുതെന്ന് ജാമ്യത്തെ എതിര്‍ത്തുകൊണ്ട് ഇ.ഡി ആവശ്യപ്പെട്ടു. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന പ്രതീതിയാണ് കേസില്‍ കേജ്രിവാള്‍ സൃഷ്ടിച്ചിരക്കുന്നത്. കേസിന്റെ വസ്തുതകള്‍ ഇ.ഡി കോടതിക്കു മുന്‍പില്‍ സമര്‍പ്പിച്ചു കഴിഞ്ഞുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. ഇടക്കാല ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാദം 2 മണിയ്ക്ക് തുടരുമെന്ന് കോടതി അറിയിച്ചു.
അതേസമയം, ഡല്‍ഹി ഗവര്‍ണര്‍ വി.കെ. സക്‌സേന കേജ്രിവാളിനെതിരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഖലിസ്ഥാന്‍ ഭീകരന്‍ ദേവീന്ദര്‍ പാല്‍ സിങ് ഭുള്ളറിനെ മോചിപ്പിക്കുന്നതിനും ഖലിസ്ഥാന്‍ അനുകൂല വികാരം ഉയര്‍ത്തിപ്പിടിക്കുന്നതിനും സഹായം വാഗ്ദാനം ചെയ്ത് പണം കൈപറ്റി എന്നാണ് ആരോപണം.