കെയ്‌റോ: ഗസ്സയില്‍ വെടിനിര്‍ത്തലിനായി ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ച പരാജയം. ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച ഇസ്രായേല്‍ കെയ്റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. കൈറോയിലേക്ക് സംഘത്തെ അയക്കാന്‍ വിസമ്മതിച്ച ഇസ്രായേല്‍ ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ ചര്‍ച്ചകള്‍ക്ക് ഇനി ഖത്തര്‍ വേദിയായേക്കും.
അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തിയ ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവിലും ഗസ്സയില്‍ വെടിനിര്‍ത്തലിന് വിസമ്മതിക്കുകയാണ് ഇസ്രായേല്‍. ബന്ദിമോചനം മുന്‍നിര്‍ത്തി താല്‍ക്കാലിക വെടിനിര്‍ത്തലിന് സന്നദ്ധമാണെങ്കിലും ഹമാസിന്റെ ഉപാധികള്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുക, സൈന്യം ഗസ്സ വിടുക, വടക്കന്‍ ഗസ്സയിലേക്ക് ആളുകള്‍ക്ക് മടങ്ങാന്‍ അവസരം ഒരുക്കുക എന്നീ ഹമാസ് ഉപാധികള്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹു അറിയിച്ചു.
ഇന്നലെ ചേര്‍ന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തില്‍ ഗാന്റ്‌സ് ഉള്‍പ്പെടെ ഏതാനും മന്ത്രിമാര്‍ വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി വാദിച്ചെങ്കിലും വിജയിച്ചില്ല. കീഴടങ്ങലിന് സമാനമായ ഉപാധികള്‍ ശരിയല്ലെന്നും ലക്ഷ്യം കാണും വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. കൈറോയില്‍ നിന്ന് ഹമാസ് സംഘം രാത്രിയോടെ ദോഹക്ക് മടങ്ങി. സി.ഐ.എ മേധാവി വില്യം ബേണ്‍സ് തുടര്‍ ചര്‍ച്ചക്കായി ദോഹയിലെത്തി. പ്രതീക്ഷ കൈവിടാന്‍ സമയമായില്ലെന്നും ഇരുപക്ഷവുമായും ചര്‍ച്ച തുടരുമെന്നും മധ്യസ്ഥരാജ്യങ്ങളായ ഖത്തറും ഈജിപ്തും പ്രതികരിച്ചു.
അതേസമയം, ഇസ്രായേലില്‍ അല്‍ ജസീറയുടെ ഇംഗ്ലീഷ്, അറബി ചാനലുകള്‍ക്ക് പ്രവര്‍ത്തനാനുമതി വിലക്കിയ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയാണ്. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ ലോകവേദികള്‍ നടപടിയെ അപലപിച്ചു. സംപ്രേക്ഷണ വിലക്കിനു പുറമെ ഓഫീസ് പൂട്ടി റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാനും ഫോണും കമ്പ്യൂട്ടറുകളും ഉള്‍പ്പെടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുമാണ് നീക്കം. ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധക്കുറ്റങ്ങളും പുറത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അല്‍ ജസീറയാണ്.
അതിനിടെ അഭയാര്‍ഥികള്‍ തിങ്ങിത്താമസിക്കുന്ന റഫ ഉള്‍പ്പെടെ ഗസ്സയില്‍ ആക്രമണം രൂക്ഷമായി. നുസൈറാത്, മഗാസി അഭയാര്‍ഥി ക്യാമ്പുകളെയും സേന ലക്ഷ്യമിട്ടു. 24 മണിക്കൂറിനിടെ 26 പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 34,683 ആയി. കരീം ഷാലോം ക്രോസിങ്ങില്‍ തമ്പടിച്ച ഇസ്രായേല്‍ സൈനിക വ്യൂഹത്തിനു നേരെ അല്‍ഖസ്സാം ബ്രിഗേഡ്‌സ് നടത്തിയ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 11 സൈനികര്‍ക്ക് പരിക്കേറ്റു. അമേരിക്കന്‍, യൂറോപ്യന്‍ വാഴ്‌സിറ്റികളില്‍ യുദ്ധവിരുദ്ധ പ്രതിഷേധം തുടരുകയാണ്.