ടി.പി രഞ്ജിത്ത് എന്ന പൊലീസ് ഓഫീസർ വിരമിച്ചത് കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ സൂപ്രണ്ടായിട്ടാണ്. കണ്ണൂരിനു പുറമെ കാസര്‍കോട്, കോഴിക്കോട് ജില്ലകളിൽ ജോലി ചെയ്ത രഞ്ജിത്ത് പ്രഗത്ഭനായ പൊലീസ് ഉദ്യോഗസ്ഥർ എന്ന് പേരെടുത്ത വ്യക്തിയാണ്. ഔദ്യോഗികമായി വിരമിച്ച ദിവസം അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ഇനി എഴുത്തും സേവനവുമായി തുടരും എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇതിന് പിന്തുണ അറിയിച്ച് സഹപ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തി. പലവട്ടം പലരും തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ വിജയം എന്നും സത്യത്തിനായിരിക്കുമെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
കാസര്‍കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിച്ച ടി.പി രജ്ഞിത്ത് എന്ന പൊലീസുദ്യോഗസ്ഥന്‍ ഏവര്‍ക്കും സുപരിചിതനാണ്. കുമ്പള, ഹൊസ്ദുര്‍ഗ്, രാജപുരം, മഞ്ചേശ്വരം, കാസര്‍കോട് എന്നീ സ്റ്റേഷനികളില്‍ എസ്.ഐആയും കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളുടെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായും പ്രവർത്തിച്ച രഞ്ജിത്ത് നിരവധി പ്രമാദമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി ശ്രദ്ധ നേടിയിരുന്നു. ഉപ്പള, ബായാര്‍, പൈവളിഗെ എന്നിവിടങ്ങളിലെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. ഉപ്പളയിലും പരിസരത്തും പൊലീസിന് തലവേദനയായിരുന്ന, തോക്കും ആയുധങ്ങളും ചൂണ്ടി ദേശീയപാതയില്‍ വാഹന യാത്രക്കാരുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച ചെയ്യുന്ന സംഘത്തെ പിടികൂടിയും കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചും ശ്രദ്ധ നേടി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ണ്ണാടക മദ്യവും സ്പിരിറ്റും പിടികൂടിയതും ടി.പി രഞ്ജിത്തും സംഘവുമാണ്. ഉളുവാറിലെ സുഹ്‌റ കൊലക്കേസ് പ്രതിയെ മൂന്ന് ദിവസത്തിനകം അറസ്റ്റ് ചെയ്തതും രഞ്ജിത്തിന്റെ സേവനകാലത്തെ പ്രധാന നേട്ടമായിരുന്നു. കൂഡ്‌ലു ബാങ്ക് കൊള്ളയടിച്ച സംഘത്തെ പിടികൂടിയതടക്കം പ്രമാദമായ ഒട്ടേറെ കേസുകളില്‍ പ്രതികളെ കണ്ടെത്തിയത് രഞ്ജിത്തിന്റെ നേതൃത്വത്തിലാണ്.
കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ജോലി ചെയ്തിട്ടുള്ള ടി.പി രഞ്ജിത്ത് കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പിയായാണ് വിരമിച്ചത്. ഇതിനോടകം 200ലധികം അംഗീകാരങ്ങള്‍ തേടിയെത്തി.
കേരളത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷകനുള്ള പ്രത്യേക പുരസ്‌കാരം 2007ല്‍ ലഭിച്ചിരുന്നു.
2013ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചു. കണ്ണൂര്‍ റൂറല്‍ എസ്.പി എം. ഹേമലത യാത്രയയപ്പ് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു.