KeralaNEWS

ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി; കെട്ടിവെച്ച് യാത്ര 

കോഴിക്കോട്: സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഗരുഡ പ്രീമിയം എന്ന പേരില്‍ കോഴിക്കോട്- ബംഗളൂരു റൂട്ടില്‍ സർവീസ് തുടങ്ങി.

ആദ്യ സർവീസില്‍ തന്നെ ഹൗസ് ഫുള്ളായാണ് ബസിന്‍റെ യാത്ര. മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ട്. ഇന്ന് രാവിലെ നാലുമണിക്കാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്. രാവിലെ 11:30 യോടെ ബസ് ബെംഗളൂരുവില്‍ എത്തും. എന്നാല്‍, ആദ്യ യാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ വാതില്‍ കേടായി.

വാതിലിന് തകരാര്‍ സംഭവിച്ചതിനെതുടര്‍ന്ന് താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്. യാത്ര തുടങ്ങി അല്‍പസമയത്തിനകം തന്നെ വാതില്‍ തനിയെ തുറന്നുവരുകയായിരുന്നു. തുടര്‍ന്നാണ് വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ച്‌ യാത്ര തുടങ്ങിയത്.

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബരനികുതിയും നല്‍കണം. മുഖ്യമന്ത്രി ഇരുന്ന സീറ്റ് ബുക്ക് ചെയ്യാനാണ് യാത്രക്കാരില്‍ പലര്‍ക്കും താല്‍പ്പര്യം. ഡിപ്പോയില്‍ നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചവരും ഏറെയാണ്. സീറ്റ് നമ്ബര്‍ 25ലായിരുന്നു മുഖ്യമന്ത്രിയിരുന്നത്. ഈ സീറ്റില്‍ ഉള്‍പ്പെടെ എല്ലാ സീറ്റിലും മുഴുവൻ യാത്രക്കാരുമായിട്ടാണ് ബസ് കോഴിക്കോട് നിന്ന് പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: