IndiaNEWS

”ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്ലിംകള്‍ക്ക് സംവരണം അനുവദിക്കില്ല”

ഹൈദരാബാദ്: താന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം എസ്.സി- എസ്.ടി വിഭാഗങ്ങളുടെ ചെലവില്‍ മുസ്‌ലിംകള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ മേദക് ജില്ലയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. താന്‍ മൂന്നാം തവണ അധികാരത്തിലെത്തുമ്പോള്‍ ഭരണഘടനയുടെ 75ാം വാര്‍ഷികം വിപുലമായി ആഘോഷിക്കുമെന്നും മോദി അവകാശപ്പെട്ടു.

‘കോണ്‍ഗ്രസ് അവരുടെ വോട്ട് ബാങ്കിന് വേണ്ടി ഭരണഘടനയെ അവഹേളിക്കാനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവര്‍ അറിയണം- ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ദലിതുകള്‍ക്കും എസ്.സി- എസ്.ടികള്‍ക്കും ഒബിസികള്‍ക്കും വേണ്ടിയുള്ള സംവരണം മതത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ല’- മോദി പറഞ്ഞു.

‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അനന്തരാവകാശ നികുതി കൊണ്ടുവരും. പാരമ്പര്യമായി ലഭിച്ച സ്വത്തില്‍ 55 ശതമാനത്തിലധികം നികുതി ഈടാക്കാന്‍ അവര്‍ പദ്ധതിയിടുകയാണ്. വ്യാജ വാഗ്ദാനങ്ങള്‍, വോട്ട് ബാങ്ക് രാഷ്ട്രീയം, മാഫിയകളെയും ക്രിമിനലുകളെയും പിന്തുണയ്ക്കല്‍, കുടുംബ രാഷ്ട്രീയം, അഴിമതി എന്നിവയാണ് കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോഴെല്ലാം അവരുടെ രാഷ്ട്രീയ ചിഹ്നങ്ങള്‍’.

തെലങ്കാനയെ ആദ്യം കൊള്ളയടിച്ചത് ബി.ആര്‍.എസാണെന്നും ഇപ്പോള്‍ കോണ്‍ഗ്രസാണ് അത് ചെയ്യുന്നതെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മുസ്‌ലിംകള്‍ക്ക് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നുണ്ടെന്നും നിരാലംബരായ ജാതിക്കാര്‍ക്കുള്ള സംവരണം കുറയ്ക്കുന്നുവെന്നും പ്രധാനമന്ത്രി നേരത്തെ ആരോപിച്ചിരുന്നു.

മുസ്‌ലിം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തെയും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മുഴുകുകയാണെന്നും മറ്റ് വിശ്വാസങ്ങളെ പാര്‍ട്ടി ശ്രദ്ധിക്കുന്നില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കൂടുതല്‍ മുസ്ലിം സംവരണം ഏര്‍പ്പെടുത്താനുള്ള ഇന്‍ഡ്യാ സഖ്യത്തിന്റെ നിലപാട് തുറന്നുകാട്ടണമെന്ന ആഹ്വാനവുമായി മൂന്നാം ഘട്ട വോട്ടെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന കത്തയച്ചിരുന്നു. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും മോദി കത്തില്‍ ആവശ്യപ്പെട്ടു.

 

 

Back to top button
error: