കോഴിക്കോട്: സമസ്തയുടെ മുഖപത്രമായ ‘സുപ്രഭാത’ത്തിനെതിരെ മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യില്‍ ലേഖനം. ഏറെക്കാലമായി നിലനില്‍ക്കുന്ന ലീഗ്-സമസ്ത തര്‍ക്കം ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ ശക്തമാവുകയും ലീഗിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സമസ്തയില്‍ ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. ‘സുപ്രഭാത’ത്തില്‍ സി.പി.എം പരസ്യം പ്രസിദ്ധീകരിച്ചതും വിവാദമായിരുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ലേഖനം ‘സുപ്രഭാതം’ പ്രസിദ്ധീകരിച്ചിരുന്നു. ‘സുപ്രഭാതം’ പരസ്യം നല്‍കുന്നതിലെ നയവും ലീഗിനെയും സമസ്തയേയും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം തുടങ്ങിയ കാര്യങ്ങളായിരുന്നു ഹമീദ് ഫൈസിയുടെ ലേഖനത്തില്‍ പറഞ്ഞത്. ഇതിനെതിരെയാണ് ‘ചേര്‍ത്തുനില്‍പ്പിനെ അപകടപ്പെടുത്തരുത്’ എന്ന തലക്കെട്ടില്‍ ‘ചന്ദ്രിക’ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുസ്ലിം ലീഗിനെ ഒരു അപരനായി കണ്ട് ശത്രുവോടെന്ന പോലെയാണ് ‘സുപ്രഭാതം’ കഴിഞ്ഞ കാലങ്ങളില്‍ പെരുമാറിയതെന്ന് മോയിന്‍ മലയമ്മ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സമസ്ത-സി.ഐ.സി വിഷയം പരിഹരിക്കാന്‍ ചര്‍ച്ച നടത്തിയപ്പോഴെല്ലാം ലീഗിനെ പ്രശ്നക്കാരനായി ചിത്രീകരിക്കുന്ന സമീപനമാണ് ‘ചന്ദ്രിക’ സ്വീകരിച്ചത്. ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളെ പരിഹസിക്കുന്ന രീതിയിലാണ് ‘സുപ്രഭാതം’ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതെന്നും ലേഖനം വിമര്‍ശിക്കുന്നു.
കേരളീയ മുസ്ലിം സംഘശക്തിയെ ക്ഷയിപ്പിക്കുന്നതിന് ‘സുപ്രഭാതം’ എന്ന പത്രമുപയോഗിച്ച് പരമാവധി ചെയ്യുകയും ഇലക്ഷന്‍ സമയത്ത് പിന്നിലിരുന്ന ലീഗ് വിരുദ്ധ വികാരത്തെ പരമാവധി കത്തിക്കുകയും അതിന് തന്റെ ആശീര്‍വാദത്തില്‍ വളര്‍ന്ന ശജറ വിഭാഗത്തെ പരമാവധി ഉപയോഗപ്പെടുത്തുകയും ആ ലീഗ് വിരുദ്ധത കമ്മ്യൂണിസ്റ്റ് അനുകൂല വോട്ടായി പെട്ടിയില്‍ വീണുവെന്ന് ഉറപ്പായ ശേഷമാണ് ഹമീദ് ഫൈസി ലീഗ്-സമസ്ത ബന്ധം ഓര്‍മിപ്പിക്കാനിറങ്ങിയതെന്നും ലേഖനം പറയുന്നു.
സമൂഹത്തില്‍ സൗഹാര്‍ദാന്തരീക്ഷവും രാഷ്ട്രീയ അച്ചടക്കവും സാമൂഹിക കെട്ടുറപ്പും കാത്തുസൂക്ഷിക്കുന്ന മാധ്യമങ്ങള്‍ക്ക് എല്ലാ കാലത്തും മലയാളികള്‍ക്കിടയില്‍ ഇടമുണ്ട്. എന്നാല്‍ തോളിലിരുന്ന ചെവി തിന്നുകയും സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വത്തിന് മുഖ്യ ഹേതുവായ ചേര്‍ന്നുനില്‍പ്പിനെ തുരങ്കം വക്കുകയും ചെയ്യുന്ന കുടില ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പത്രങ്ങളെ അതില്‍നിന്ന് പിന്തിരിപ്പിക്കണമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.