ഏഴുമണിക്കൂർ നീണ്ട ശ്രമം വിഫലം… ക്ലീനർ മുസ്തഫയെ രക്ഷിക്കാനായില്ല!! മൃതദേഹം ലോറിയുടെ ക്യാബിനുള്ളിൽ കുരുങ്ങിയ നിലയിൽ, പുറത്തെടുത്തത് ക്യാബിൻ വെട്ടിപ്പൊളിച്ച്

മലപ്പുറം: ആതവനാട്ടിൽ നിയന്ത്രണം വിട്ട് കരിങ്കൽ ക്വാറിയിലേക്കു വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മുസ്തഫയെ ജീവനോടെ രക്ഷിക്കാനുള്ള പരിശ്രമം വിഫലമായി.മൂന്നു തവണ പരാജയപ്പെട്ട ശേഷം ലോറി ഉയർത്തിയെങ്കിലും ക്ലീനറുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മേൽമുറി പൈക്കിനിപറമ്പ് കുന്നത്തൊടി മുസ്തഫ (45)യാണ് മരിച്ചത്. മുസ്തഫയുടെ മൃതദേഹം ലോറിയുടെ ക്യാബിനുള്ളിലായിരുന്നു. ക്യാബിൻ വെട്ടിപൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് ഏഴു മണിക്കൂറിനു ശേഷമാണ് ലോറി ക്വാറിയിൽ നിന്ന് ഉ യർത്താനായത്. ലോറി ക്വാറിയിലെ ചെളിയിൽ പുതഞ്ഞ നിലയിലായിരുന്നു.
ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെയാണ്കടകളിലേക്ക് നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന ലോറി ബ്രേക്ക് നഷ്ടമായതിനു പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട് 65 അടി താഴ്ച്ചയുള്ള ക്വാറിയിലേക്ക് മറിഞ്ഞത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് വാഹനത്തിലെ ഡ്രൈവർ ചട്ടിപ്പറമ്പ് ചെങ്ങോട്ടുർ കാട്ടികുളങ്ങര ജാഫറിനെ ഉച്ചയോടെ രക്ഷപ്പെടുത്തിയിരുന്നു. ലോറി പൂർണമായും കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു.
അതേസമയം ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം അപകട മേഖലയിലാണെന്ന് നാട്ടുകാർ പറയുന്നു. മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നു. തിരൂരിൽ നിന്നുള്ള ഫയർഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്ത് എത്തിയെങ്കിലും വളരെ വൈകിയാണ് ലോറി ഉയർത്താൻ ക്രെയിൻ എത്തിയത്. രക്ഷപ്പെട്ട ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.






