KeralaNEWS

സിപിഎമ്മില്‍ ‘ഇപി യുഗം’ അവസാനിക്കുന്നു? കടുത്ത തീരുമാനം നാളെയുണ്ടാവും

തിരുവനന്തപുരം: സിപിഎമ്മില്‍ ഇപി യുഗം അവസാനിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നാളെച്ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇപി ജയരാജനെതിരെയുള്ള കര്‍ശന നടപടി ഉണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കടുത്ത അതൃപ്തിയുള്ള സാഹചര്യത്തിലാണ് നടപടിക്ക് സാദ്ധ്യത തെളിയുന്നത്.

കൂടിക്കാഴ്ച പാര്‍ട്ടിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് മറച്ചുവച്ചത് ഗൗരവതരമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല കൂടിക്കാഴ്ചയെക്കുറിച്ച് വോട്ടെടുപ്പ് ദിവസം രാവിലെ വെളിപ്പെടുത്തിയതും പൊറുക്കാനാവാത്ത തെറ്റെന്നാണ് പാര്‍ട്ടി കണക്കാക്കുന്നത്. ഇത് കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തില്‍ ബിജെപിയുമായി ചേര്‍ന്ന് നടത്തിയതാണോ എന്നും പരിശോധിക്കും. പുറത്തേക്കാണെന്ന് വ്യക്തമായ സ്ഥിതിക്ക് പാര്‍ട്ടി പുറത്താക്കും മുമ്പ് ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്നും പാര്‍ട്ടിയില്‍ നിന്ന് നീണ്ടനാളത്തേക്ക് അവധി എടുക്കാനും സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീണര്‍ സ്ഥാനത്ത് ഇപി തുടരുന്നതില്‍ മുന്നണിയിലെ രണ്ടാമനായ സിപിഐ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

സ്വന്തം തട്ടകമായ കണ്ണൂര്‍പോലും പൂര്‍ണമായും ഇപിയെ തള്ളിയ അവസ്ഥയിലാണിപ്പോള്‍.വിഭാഗീയത കത്തിനിന്ന കാലത്തടക്കം പാര്‍ട്ടി നേതൃത്വത്തിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഇപി ജയരാജനെതിരായ മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ സമ്പൂര്‍ണമായി പിന്തുണയ്ക്കുകയാണ് കണ്ണൂര്‍ ഘടകവും.ഇ.പി. അടക്കം ജയരാജന്മാരുള്‍പ്പെടുന്ന നേതൃനിരയ്ക്ക് ‘കണ്ണൂര്‍ ലോബി’ എന്നായിരുന്നു വിളിപ്പേര്. പിന്നീട് സ്വന്തം തട്ടകമായ കണ്ണൂരില്‍ നിന്നു തന്നെയാണ് ഇപി ജയരാജനെതിരേ ആരോപണങ്ങളേറെയും ഉയര്‍ന്നത്. അന്നെല്ലാം ഇപിയുടെ രക്ഷകനായിരുന്ന പിണറായി വിജയനാണ് ഇപ്പോള്‍ കടുത്ത ഭാഷയില്‍ അദ്ദേഹത്തെ വിമര്‍ശിച്ചത്.

പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് എംവി ജയരാജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് പാര്‍ട്ടി നേതൃത്വം പറയുന്നതായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം എല്ലാവശങ്ങളും നോക്കി പറഞ്ഞതാണെന്നും അതില്‍ നിന്ന് ഒരു വാചകവും മാറ്റാനില്ലെന്നുമാണ് എംവി ജയരാജന്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

ബന്ധുനിയമന വിവാദം മുതല്‍ കണ്ണൂരിലെ നേതാക്കള്‍ ഇ.പി.ജയരാജനെ കാര്യമായി പിന്തുണച്ചിരുന്നില്ല. ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ ഇപി ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണം സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ ഉന്നയിച്ചതും നേതാക്കള്‍ ശരിവച്ചതും തിരിച്ചടിയായിരുന്നു. തുടര്‍ഭരണം പാര്‍ട്ടിയിലുണ്ടാക്കിയ ജീര്‍ണതയും സംഘടനാപരമായ അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തല്‍ രേഖയുടെ ചര്‍ച്ചയിലാണ് പി ജയരാജന്‍ അന്ന് തുറന്നടിച്ചത്. പാര്‍ട്ടി അന്വേഷിച്ച ഈ ആരോപണത്തിലും നടപടി ഉണ്ടാവാതിരുന്നത് പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. വ്യക്തിപൂജ വിവാദത്തില്‍ പി ജയരാജനെതിരേ നടപടിക്ക് തിടുക്കം കാട്ടിയ പാര്‍ട്ടിക്ക് ഇപിയോട് മൃദു സമീപനമാണെന്ന മുറുമുറുപ്പ് പി ജയരാജനെ പിന്തുണയ്ക്കുന്നവര്‍ക്ക് ഉണ്ടായിരുന്നു.

അതേസമയം, ബിജെപി നേതാവ് വീട്ടിലെത്തി തന്നെ കണ്ടത് പാര്‍ട്ടിയെ അറിയിക്കാത്തത് തെറ്റായി കണക്കാക്കിയുള്ള നടപടി ഇപി പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ അംഗത്തിന്റെ ഘടകം അച്ചടക്കനടപടി എടുക്കണമെന്നാണ് സംഘടനാരീതി. സംസ്ഥാന കമ്മിറ്റിയും പിബിയും ചര്‍ച്ചചെയ്ത് നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാവും കേന്ദ്ര കമ്മിറ്റി നടപടി. തത്കാലം മാദ്ധ്യമങ്ങളോട് പ്രതികരിക്കേണ്ട എന്നാണ് ഇ.പി.യുടെ നിലപാട്.

 

Back to top button
error: