NEWSWorld

അമേരിക്കയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധം: ഫണ്ട് ചെയ്യുന്നത് ‘ജൂത കുബേരന്‍’ സോറോസ്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാമ്പസുകളില്‍ പടര്‍ന്നുപന്തലിച്ച ഫലസ്തീന്‍ അനുകൂല വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് സഹായം നല്‍കുന്നത് ജൂത കോടീശ്വരന്‍ ജോര്‍ജ് സോറോസാണെന്ന് റിപ്പോര്‍ട്ട്. യഹൂദ ഇടതുപക്ഷ ചായ്‌വുള്ള ജീവകാരുണ്യ പ്രവര്‍ത്തകനായ സോറോസും അദ്ദേഹം ധനസഹായം നല്‍കുന്ന സംഘടനകളുമാണ് ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെന്ന് ‘ദ ന്യൂയോര്‍ക്ക് പോസ്റ്റി’ന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞയാഴ്ച കൊളംബിയ സര്‍വകലാശാലയിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. നിലവില്‍ എട്ടിലധികം സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളിലേക്ക് പ്രതിഷേധം പടര്‍ന്നിരിക്കുന്നു.

കൊളംബിയ, ഹാര്‍വാര്‍ഡ്, യേല്‍, കാലിഫോര്‍ണിയയിലെ ബെര്‍ക്ക്ലി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ജോര്‍ജിയയിലെ എമോറി എന്നിവയുള്‍പ്പെടെ നിരവധി കാമ്പസുകളില്‍ ‘ലിബറേറ്റഡ് സോണുകള്‍’ എന്ന് പേരിട്ട ക്യാമ്പ് സൈറ്റുകള്‍ ഒരുക്കിയാണ് പ്രതിഷേധം. ജോര്‍ജ് സോറോസ് ധനസഹായം നല്‍കുന്ന സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്റെ (എസ്ജെപി) ഘടകങ്ങളാണ് ഇവയെല്ലാം സംഘടിപ്പിച്ചതെന്ന് ദ ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ശൃംഖലയാണ് എസ്.ജെ.പിക്ക് ധനസഹായം നല്‍കിയത്. ഇത് സോറോസിന്റെ പിന്തുണയോടെയായിരുന്നു.

മൂന്ന് സര്‍വകലാശാലകളില്‍ ‘യു.എസ് കാമ്പെയ്ന്‍ ഫോര്‍ ഫലസ്തീനിയന്‍ റൈറ്റ്‌സ് (യു.എസ്.സി.പി.ആര്‍) എന്ന ജോര്‍ജ് സോറോസിന്റെ ധനസഹായമുള്ള സംഘടനയുടെ പ്രവര്‍ത്തകരാണ് പ്രകടനങ്ങള്‍ നടത്തുന്നത്. പ്രതിഷേധം നടത്തുന്നവര്‍ക്ക് പണം ലഭിക്കുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു

മൂന്ന് പേരാണ് അമേരിക്കയിലെ കാമ്പസുകളിലെ പ്രതിഷേധത്തിന് പ്രധാനമായും നേതൃത്വം നല്‍കുന്നത്. നിദാ ലാഫിയാണ് ഇതില്‍ ഒരാള്‍. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീനിന്റെ പ്രസിഡന്റാണ് ഇവര്‍. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഡള്ളാസിലെ പ്രതിഷേധക്കാരെ നയിക്കുന്നു. പ്രസിഡന്റ് ബൈഡന്റെ വാഹനവ്യൂഹം തടഞ്ഞതിന് ലാഫിയെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

യേലിലെ യു.എസ്.സി.പി.ആര്‍ അംഗം ക്രെയ്ഗ് ബിര്‍ക്ക്‌ഹെഡ് മോര്‍ട്ടനാണ് മറ്റൊരു നേതാവ്. യാലീസ് ഫോര്‍ ഫലസ്തീന്‍ എന്ന ഗ്രൂപ്പിന്റെ നേതാവായ ഇദ്ദേഹത്തിന്റെ നേത്യത്വത്തിലാണ് കാമ്പസില്‍ പ്രതിഷേധം അരങ്ങേറുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെര്‍ക്ക്ലി ലോ സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്റെ കോ-പ്രസിഡന്റായ മലക് അഫാനെ കാമ്പസില്‍ നടന്ന നിരവധി ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധങ്ങളെയാണ് അഭിസംബോധന ചെയ്തത്. സോറോസുമായി ബന്ധമുള്ള ഗ്രൂപ്പുകളാണ് മൂവര്‍ക്കും പണം നല്‍കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017 മുതല്‍ സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനുകളില്‍ നിന്ന് സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന് കുറഞ്ഞത് 30,000 ഡോളര്‍ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ 2019 മുതല്‍ റോക്ക്‌ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ടില്‍ നിന്ന് 35,000 ഡോളറും ലഭിച്ചു.

അതേസമയം, വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് ജോര്‍ജ് സോറോസ് ധനസഹായം നല്‍കുന്നുവെന്ന വാര്‍ത്ത തികച്ചും തെറ്റാണെന്ന് ദെ വാഷിങ്ടണ്‍ ടൈംസിന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങക്ക് ഫണ്ട് നല്‍കുന്നുവെന്ന വാദം വളരെ ദുര്‍ബലമാണ്.

ഈ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥികളും രംഗത്തുവന്നു. അമേരിക്കയുടെ ധനസഹായത്തോടെയും സൈനിക – രാഷ്ട്രീയ പിന്തുണയോടെയും നടക്കുന്ന വംശഹത്യയുടെ ഇടയിലാണ് നമ്മള്‍ നില്‍ക്കുന്നത്. ഇതിനിടയില്‍ തങ്ങളുടെ സമരത്തിന് പിന്നിലെ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട അടിസ്ഥാനരഹിത ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് സ്റ്റുഡന്റ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ പ്രവര്‍ത്തകര്‍ ദെ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

അതേസമയം, അമേരിക്കന്‍ കാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്. പൊലീസ് സമരത്തെ വലിയ രീതിയില്‍ അടിച്ചമര്‍ത്തുന്നുണ്ട്. ഇതുവരെ 700ലധികം പേരെയാണ് അറസ്റ്റ് ചെയ്തത്. കൂടാതെ വിദ്യാര്‍ഥികളെ യൂണിവേഴ്‌സിറ്റികള്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. എന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ചനിലപാടിലാണ് വിദ്യാര്‍ഥികള്‍. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, ഇസ്രായേലിന്റെ വംശഹത്യയെ പിന്തുണക്കുന്ന അമേരിക്കയുടെ നിലപാട് മാറ്റുക എന്നിവയാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യങ്ങള്‍.

Back to top button
error: