ഹരാരെ: സിംബാബ്വെയുടെ മുന്‍ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തില്‍ പരുക്ക്. എയര്‍ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം. പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ച വളര്‍ത്തുനായ ചിക്കാരയ്ക്കും പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍വച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഭാര്യ ഹന്ന സ്റ്റൂക്‌സ് വിറ്റാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
താരത്തിന്റെ തലയിലും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഹരാരെയിലെ മില്‍റ്റന്‍ പാര്‍ക്ക് ആശുപത്രിയിലാണു വിറ്റാലിനെ ചികിത്സിക്കുന്നത്. രാവിലെ ട്രക്കിങ്ങിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. 2013ല്‍ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയില്‍നിന്ന് ഭീമന്‍ മുതലയെ കണ്ടെത്തിയത് വന്‍ വാര്‍ത്തയായിരുന്നു. മുതലയുണ്ടെന്ന് അറിയാതെ രാത്രി മുഴുവന്‍ വിറ്റാല്‍ കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു.
സിംബാബ്‌വെയിലെ ഹുമാനിയില്‍ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാല്‍ ഇപ്പോള്‍. സിംബാബ്‌വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാല്‍. 2003ലാണ് ദേശീയ ടീമിനായി ഒടുവില്‍ കളിച്ചത്. ടെസ്റ്റില്‍ നാലു സെഞ്ചറികളടക്കം 2207 റണ്‍സ് താരം നേടിയിട്ടുണ്ട്. 51 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റില്‍ 2705 റണ്‍സും 88 വിക്കറ്റുകളും നേടിയിട്ടുണ്ട്.