KeralaNEWS

ജൂണ്‍, ജൂലായ് മാസങ്ങളില്‍ കതക് ഭാഗികമായി പോലും തുറന്നിടരുത്, മുന്നറിയിപ്പ്

കൊച്ചി: നഗരത്തിലടക്കം ജില്ലയില്‍ പാമ്പുകളുടെ ശല്യം കൂടുന്നത് ആശങ്കപരത്തുന്നു. രണ്ടുമാസത്തിനിടെ ജില്ലയില്‍ 135 പാമ്പുകളെയാണ് പിടികൂടിയത്. മാര്‍ച്ചില്‍ 87 പാമ്പുകളെയും ഏപ്രിലില്‍ ഇതുവരെ 48 പാമ്പുകളെയും പിടികൂടി. വനംവകുപ്പിന്റെ സര്‍പ്പആപ്പിലൂടെ സഹായംതേടാം. ചൂട് കൂടിയതും പ്രജനനകാലമായതുമാണ് പാമ്പുകള്‍ പുറത്തിറങ്ങാന്‍ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. തണുപ്പ് തേടിയാണ് ജനവാസമേഖലകളില്‍ എത്തുന്നത്. കതകിന്റെ വിടവിലൂടെയും മറ്റും വീടിനുള്ളില്‍ എത്തിയേക്കാം. പെരുമ്പാമ്പ്, മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, ചുരുട്ടമണ്ഡലി എന്നീ ഇനങ്ങളാണ് അധികവും.

പാമ്പുകളെ പിടികൂടി വനപ്രദേശങ്ങളിലും ആള്‍ത്താമസമില്ലാത്ത മേഖലകളിലും തുറന്നുവിടുന്നു. 2021 മുതല്‍ ഇതുവരെ 2000ലേറെ പാമ്പുകളെയാണ് ജില്ലയില്‍ പിടികൂടിയത്.

ശ്രദ്ധിക്കണം

അണലി പ്രസവിക്കുന്നതും മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, രാജവെമ്പാല എന്നിവ മുട്ടയിട്ട് വിരിയുന്നതും ജൂണ്‍, ജൂലായ് മാസങ്ങളിലാണ്. വീടുകള്‍ വൃത്തിയായി സൂക്ഷിക്കണം. അടുക്കിവച്ച ടൈല്‍സ്, കല്ലുകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. ഷൂസ്, ചെരുപ്പ് എന്നിവ പരിശോധിച്ചശേഷം ധരിക്കണം. പരിശീലനം ഇല്ലാത്തവര്‍ പാമ്പിനെ പിടിക്കാന്‍ ശ്രമിക്കരുത്.

തണുപ്പുകാലം മുതല്‍ വേനല്‍വരെയാണ് പാമ്പുകള്‍ പൊതുവേ ഇണചേരുക. മഴക്കാലം തുടങ്ങുംമുമ്പ് കുഞ്ഞുങ്ങളാവും.

പെരുമ്പാമ്പ് ഒരുതവണ 30 മുട്ടകളിടും. ജനുവരിയില്‍ മുട്ടയിടുകയും മേയില്‍ കുഞ്ഞുങ്ങളാവുകയും ചെയ്യും.

പാമ്പ് കടിയേറ്റാല്‍

* കടിയേറ്റഭാഗം അനക്കാതെ സൂക്ഷിക്കുക.

* കടിച്ചപാമ്പ് ഏതാണെന്ന് കണ്ടെത്തിയാല്‍ നല്ലത്

* രോഗിയെ നന്നായി നിരീക്ഷിക്കുക.

* എത്രയുംവേഗം ആശുപത്രിയില്‍ എത്തിക്കണം

* താലൂക്ക് ആശുപത്രികള്‍ മുതലുള്ള ആശുപത്രികളില്‍ പ്രതിവിഷം ലഭിക്കും.

സഹായത്തിന് സര്‍പ്പ

പാമ്പുകളെ കണ്ടാല്‍ ഉടന്‍ ‘സര്‍പ്പ’ ആപ്പിലൂടെ വനംവകുപ്പിനെ അറിയിക്കാം. പരിശീലനം ലഭിച്ച സ്‌നേക് ഹാന്‍ഡ്‌ലേഴ്‌സെത്തി പിടികൂടും. ജില്ലയില്‍ ലൈസന്‍സ് ലഭിച്ച 180 റെസ്‌ക്യൂ പ്രവര്‍ത്തകരുണ്ട്. ഫോണ്‍: 9037327108, 9961428222, 9747300066.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: