CrimeNEWS

ഉടനീളം ദുരൂഹത: ഉറങ്ങാൻ കിടന്ന കുടുംബത്തിലെ 4 പേർ ക്രൂരമായി കൊല്ലപ്പെട്ടു,  അക്രമികളെയും കാരണവും കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ

   മംഗ്ളുറു: കർണാടകയിലെ ഗദഗ് നഗരത്തിൽ ഒരേ കുടുംബത്തിലെ 4 പേരെ ക്രൂരമായി കൊല്ലപ്പെട്ടു. ബെത്തഗേരി മുനിസിപ്പാലിറ്റി വൈസ് പ്രസിഡൻ്റ് സുനന്ദ ബകലെയുടെ മകൻ കാർത്തിക്  (27), കൊപ്പൽ സ്വദേശികളായ  പരശുരാമൻ (55), ഭാര്യ ലക്ഷ്മി (45), മകൾ ആകാംക്ഷ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെയാണ് നാലുപേരെ വെട്ടിക്കൊലപ്പെടുത്തി എന്ന വിവരം പുറത്തറിയുന്നത്. പ്രതികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണ് കുറ്റകൃത്യം ചെയ്തതെന്നു ഗദഗ് എസ് പി ബി.എസ് നേമഗൗഡ പറഞ്ഞു. ക്രൂരമായ കുറ്റകൃത്യത്തിന്റെ കാരണമോ പ്രതികളെ കുറിച്ചുള്ള സൂചനകളോ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ ദുരൂഹത വർധിക്കുകയാണ്.

Signature-ad

കാർത്തിക്കിൻ്റെ വിവാഹ നിശ്ചയ ചടങ്ങ് നടക്കുന്നതു കൊണ്ട് കൊപ്പലിൽ നിന്ന് ഗദഗ് നഗരത്തിൽ എത്തിയതായിരുന്നു പരശുരാമനും കുടുംബവും. പരശുരാമൻ്റെ ഭാര്യ ലക്ഷ്മിയുടെ ജന്മദിനവും വ്യാഴാഴ്ച രാത്രി ആഘോഷിച്ച് ബന്ധുവീടിൻ്റെ ഒന്നാം നിലയിലെ മുറിയിൽ എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ കിടന്നതായിരുന്നു.

പുലർച്ചെയോടെ പരശുരാമനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ലു തകർത്ത് അകത്തുകടന്ന ഘാതകർ, മൂന്നു പേരെയും ആയുധങ്ങൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന സൂചന. താഴത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന കാർത്തിക്, ശബ്ദം കേട്ട് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ എത്തിയപ്പോൾ യുവാവിനെയും അക്രമികൾ കൊലപ്പെടുത്തുകയായിരുന്നുവത്രേ.

പിന്നീട് വീട്ടുടമ പ്രകാശ് ബകലെയും ഭാര്യ സുനന്ദയും ഉറങ്ങിക്കിടന്ന മുറിയുടെ വാതിലിൽ അക്രമികൾ മുട്ടി. എന്നാൽ വാതിൽ തുറക്കാതെ ദമ്പതികൾ ഉടൻ തന്നെ പൊലീസിനെ വിളിച്ചു. ഇതിനിടെ അക്രമികൾ പിൻവാതിലിലൂടെ രക്ഷപ്പെടുകയായിരുന്നു.
ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സംസ്ഥാന നിയമ, പാർലമെൻ്ററി കാര്യ മന്ത്രി എച്ച്.കെ പാട്ടീൽ സംഭവം നടന്ന വീട്ടിലെത്തി  അനുശോചനം രേഖപ്പെടുത്തി.

Back to top button
error: