IndiaNEWS

കോണ്‍ഗ്രസ് കൗണ്‍സിലറുടെ മകളെ ജൂനിയര്‍ വിദ്യാര്‍ഥി കുത്തിക്കൊന്നു; രാഷ്ട്രീയ ആയുധമാക്കി ബിജെപി

ബംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ച കോളജ് വിദ്യാര്‍ഥിനിയെ ജൂനിയര്‍ വിദ്യാര്‍ഥി കുത്തിക്കൊലപ്പെടുത്തിയ സംഭവം സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. ഹുബ്ബള്ളി ധാര്‍വാഡ് കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നിരഞ്ജന്‍ മഠിന്റെ മകള്‍ നേഹ ഹിരേമഠിന്റെ (21) മരണമാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്കു തിരി കൊളുത്തിയത്. നേഹയെ കുത്തി കൊലപ്പെടുത്തിയ ബെളഗാവി സ്വദേശി ഫയാസിനെ (19) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹുബ്ബള്ളി ബി.വി.ഭൂമമറാഡി കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലെ എംസിഎ വിദ്യാര്‍ഥിനിയാണ് നേഹ. ഇതേ കോളജിലെ ബിസിഎ വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ബെളഗാവി സ്വദേശി ഫയാസ് (19). പ്രണയാഭ്യര്‍ഥനയുമായി ഫയാസ് പലതവണ നേഹയെ സമീപിച്ചെങ്കിലും നിരസിക്കപ്പെട്ടതോടെ, ക്യാംപസിലേക്കു കത്തിയുമായെത്തിയ ഇയാള്‍ നേഹയെ കുത്തിവീഴ്ത്തുകയായിരുന്നു. സഹപാഠികള്‍ ചേര്‍ന്ന് പിടികൂടിയ ഫയാസിനെ പിന്നീട് വിദ്യാനഗര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Signature-ad

പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ കേസ് അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വിജയേന്ദ്ര ആരോപിച്ചു. കൊലപാതകത്തില്‍ ലൗ ജിഹാദ് ആരോപണവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മുതല്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ സംഭവം മുതലെടുത്ത് ഗവര്‍ണര്‍ ഭരണം അടിച്ചേല്‍പിക്കാന്‍ ബിജെപി ശ്രമിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ആരോപിച്ചു. ക്രമസമാധാനനില തൃപ്തികരമാണ്. പ്രതിക്ക് അര്‍ഹിച്ച ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിപരമായ കാരണമാണെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ നേഹയുടെ പിതാവ് നിരഞ്ജന്‍ രംഗത്തെത്തി. നേഹയ്ക്കു ഫയാസുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും ആസൂത്രിതമായ കൊലപാതകമാണു നടന്നതെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവന കുടുംബത്തിന്റെ ആത്മാഭിമാനം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: