KeralaNEWS

സംസ്ഥാനവും കേന്ദ്രവുംചേര്‍ന്ന് പൂരം കുളമാക്കിയെന്ന് മുരളീധരന്‍; വോട്ടുനേടാനുള്ള തിരക്കഥയെന്ന് സുരേഷ് ഗോപി

തൃശൂര്‍: പൂരം കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കുളമാക്കിയെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍. കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂര്‍ പൂരം പോലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടര്‍ന്നാണ് നിര്‍ത്തിവെക്കേണ്ടിവന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം കുടമാറ്റംവരെ ഭംഗിയായി നടന്ന തൃശൂര്‍പൂരം രാത്രിയാണ് പോലീസിന്റെ ധിക്കാരപരമായ സമീപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ട് നടന്നത് രാവിലെ ഏഴ് മണിയോടെയാണ്. സാധാരണ വെടിക്കെട്ടിനുണ്ടാകേണ്ട യാതൊരു പൊലിമയും ഉണ്ടായില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Signature-ad

പോലീസിന്റേത് ഏകാധിപത്യ പ്രവണതയാണ്. പോലീസിനെ നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും സംസ്ഥാന ഭരണകൂടവും ഇല്ലേ? എന്തുകൊണ്ട് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ല. ചുമതലയില്‍ ഉണ്ടായിരുന്ന മന്ത്രി എന്തുകൊണ്ട് രാത്രിതന്നെ പ്രശ്‌നം പരിഹരിച്ചില്ല? പതിനൊന്ന് മണിക്ക് തുടങ്ങിയ അനിശ്ചിതത്വം പരിഹരിച്ചത് കാലത്ത് ആറ് മണിക്കാണ്. ഇത്രയും സമയം മന്ത്രി എന്ത് ചെയ്തു? സര്‍ക്കാര്‍ എന്ത് നിലപാടെടുത്തു? പൂരത്തിന്റെ തുടക്കം മുതല്‍ എങ്ങനെ ഇല്ലാതാക്കാം എന്ന ശ്രമമാണ് നടന്നത്, കെ മുരളീധരന്‍ ആരോപിച്ചു.

കേന്ദ്രത്തിനും ഇതിന് പങ്കുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ഓരോ കാലങ്ങളിലും കൊണ്ടുവരുന്ന ഓരോ നിയമങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിനൊപ്പം സംസ്ഥാനവും ചേര്‍ന്നു. രണ്ടുംകൂടി ചേര്‍ന്നപ്പോള്‍ നല്ലൊരു ദേശീയോത്സവം ഏതാണ്ട് കുളമാക്കി. സംഭവത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

തൃശ്ശൂര്‍ പൂരത്തില്‍ പോലീസിനെ ഇടപെടുവിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. വോട്ട് മറിച്ചുനല്‍കാനുള്ള നീക്കമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് സ്പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

വെടിക്കെട്ട് വൈകിയത് വേദനിപ്പിച്ചെന്നും ശബരിമല പോലെ ഒരു ഓപ്പറേഷനാണോ തൃശ്ശൂരില്‍ നടന്നതെന്നന്ന് സംശയിക്കുന്നെന്നും എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു. വോട്ട് നേടാന്‍ ഉണ്ടാക്കിയ തിരക്കഥയാണോ ഇതെന്ന് സംശയമുണ്ട്. ഒരു പ്രശ്‌നം ഉണ്ടാക്കിയിട്ട് അവര്‍തന്നെ പരിഹാരം ഉണ്ടാക്കിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം. മുതലെടുക്കാന്‍ ശ്രമിച്ചത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

പോലീസിന്റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്നും പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.എസ് സുനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പോലീസിന്റെ കാര്‍ക്കശ്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. മാറിമാറിവരുന്ന ഉദ്യോഗസ്ഥര്‍ക്ക് പൂരത്തിന്റെ ആത്മാവ് മനസ്സിലാകാത്ത പ്രശ്നമുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.

പൂരം തകര്‍ക്കാനുള്ള ഗൂഢ ശക്തികളുടെ നീക്കം നടക്കുന്നുണ്ടെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്‍ ആരോപിച്ചു.

Back to top button
error: