ബംഗളുരു: ദക്ഷിണേന്ത്യന്‍ നടി ഹര്‍ഷിക പൂനച്ചയ്ക്കും ഭര്‍ത്താവും നടനുമായ ഭുവന്‍ പൊന്നപ്പയ്ക്കുംനേരെ അജ്ഞാതരുടെ ആക്രമണം. ബംഗളൂരു പുലികേശി നഗറിലുള്ള ഭക്ഷണശാലയില്‍ നിന്ന് ആഹാരംകഴിച്ച് പുറത്തിറങ്ങി കാറില്‍ കയറിയപ്പോഴാണ് ഒരുസംഘമാളുകള്‍ കാര്‍ തടഞ്ഞ് അക്രമം അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോയും മൂന്ന് പേരുടെ ചിത്രങ്ങളും ഹര്‍ഷിക പുറത്തുവിട്ടിട്ടുണ്ട്. വാലേ പാര്‍ക്കില്‍ നിന്ന് കാര്‍ എടുത്തു പുറത്തേക്ക് നീങ്ങിയ തനിക്കും കുടുംബത്തിനുംനേരേ ഒരു സംഘം അക്രമികള്‍ ചാടിവീണ് ആക്രമിച്ചെന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും വാഹനം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ഷിക ആരോപിച്ചു.
നമ്മുടെ ബംഗളൂരുവില്‍ നാട്ടുകാരായ നമ്മള്‍ എത്രത്തോളം സുരക്ഷിതരാണ്? എന്ന തലക്കെട്ടിലെഴുതിയ നീണ്ട കുറിപ്പിലാണ് ഹര്‍ഷിക തനിക്കും കുടുംബത്തിനും നേരിട്ട ദുരനുഭവത്തേക്കുറിച്ച് വിവരിച്ചത്. ഒരുപാട് ആലോചിച്ച ശേഷമാണ് ഈ സംഭവത്തേക്കുറിച്ച് തുറന്നുപറയുന്നത്. സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ചില പരിചയക്കാരോടും സംസാരിച്ചതിനു ശേഷം ഇത് പുറത്തുപറയേണ്ട എന്നാണ് ആദ്യം കരുതിയത്. പക്ഷേ ബംഗളൂരുകാരുടെ നന്മയെക്കരുതിയാണ് തന്റെ അനുഭവം പോസ്റ്റു ചെയ്യാന്‍ തീരുമാനിച്ചതെന്നും അവര്‍ ആമുഖമായി പറഞ്ഞു.
”കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രേസര്‍ ടൗണ്‍ ഏരിയയ്ക്ക് സമീപമുള്ള പുലികേശി നഗറിലെ റെസ്റ്ററന്റില്‍ വൈകുന്നേരം എന്റെ കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിക്കാന്‍ പോയിരുന്നു. അത്താഴം കഴിഞ്ഞ് വാലേ പാര്‍ക്കിങില്‍ നിന്ന് ഞങ്ങളുടെ വാഹനം എടുത്ത് പോകാന്‍ തുടങ്ങുമ്പോള്‍ ഞങ്ങളുടെ വണ്ടിയുടെ ഡ്രൈവര്‍ സീറ്റിന്റെ വിന്‍ഡോയ്ക്ക് സമീപം പെട്ടെന്ന് രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ വാഹനം വളരെ വലുതാണെന്നും മുന്നോട്ടെടുത്താല്‍ അത് അവരെ തട്ടുമെന്നും പറഞ്ഞ് തര്‍ക്കിക്കാന്‍ തുടങ്ങി. നിങ്ങള്‍ ദയവുചെയ്ത് മാറണമെന്നും എന്നിട്ടേ കാര്‍ മുന്നോട്ടെടുക്കൂ എന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും വണ്ടി അവരെ മുട്ടും എന്ന വിദൂര സാധ്യതയെക്കുറിച്ചാണ് ആ ആളുകള്‍ വാദിച്ചുകൊണ്ടിരുന്നത്. അങ്ങനെ പറയുന്നതില്‍ ഒരു അര്‍ഥവുമില്ല എന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു. എന്റെ ഭര്‍ത്താവ് ഞങ്ങളുടെ വണ്ടി വളരെ സൂക്ഷിച്ച് ഒരല്‍പം മുന്നോട്ട് നീക്കി. ഉടനെ തന്നെ ഈ പറഞ്ഞ രണ്ടുപേര്‍ അദ്ദേഹത്തെയും എന്റെ കുടുംബത്തെയും അവരുടെ ഭാഷയില്‍ ‘ഈ കന്നഡക്കാരെ ഒരു പാഠം പഠിപ്പിക്കണം’ എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും എന്റെ ഭര്‍ത്താവിന്റെ മുഖത്തടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.” ഹര്‍ഷിക പറഞ്ഞു.
പെട്ടന്ന് ദേഷ്യംവരുന്ന ഭുവന്‍ അവരോട് പ്രതികരിക്കാതെ ക്ഷമയോടെ ഇരിക്കുന്നത് കണ്ടിട്ട് ശരിക്കും താന്‍ ആശ്ചര്യപ്പെട്ടെന്ന് ഹര്‍ഷിക എഴുതി. ”പെട്ടെന്നുതന്നെ അവരുടെ സംഘത്തിലെ മുപ്പതോളംപേര്‍ സ്ഥലത്തെത്തി. അതില്‍ രണ്ടാളുകള്‍ ചേര്‍ന്ന് എന്റെ ഭര്‍ത്താവിന്റെ സ്വര്‍ണമാല പിടിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചു. ഭര്‍ത്താവ് ഇത് കൃത്യസമയത്ത് മനസ്സിലാക്കി അവരുടെ കയ്യില്‍ നിന്ന് അത് പിടിച്ചുവാങ്ങി എന്റെ കയ്യില്‍ തന്നു. ഇതോടെ അവര്‍ കൂടുതല്‍ ക്ഷുഭിതരാവുകയും ഞങ്ങളെ ചീത്ത വിളിക്കാന്‍ തുടങ്ങുകയും ചെയ്തു. അവര്‍ ഞങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളും സ്വര്‍ണവും അപഹരിക്കാന്‍ ശ്രമിച്ചു. ഒന്നും കയ്യില്‍ കിട്ടാതെയായപ്പോള്‍ ഞങ്ങളുടെ കാറിനു കേടുവരുത്തുകയും ഞങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിനിടയില്‍ തന്നെ ഞങ്ങള്‍ അവരോട് മോശമായി പെരുമാറി എന്ന് അവര്‍ വിളിച്ചു പറയുന്നുമുണ്ടായിരുന്നു. ഞങ്ങളുടെ കാറില്‍ സ്ത്രീകളും മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നതിനാല്‍ ഭര്‍ത്താവ് അവരോട് കൂടുതല്‍ പ്രതികരിച്ചില്ല.” ഹര്‍ഷിക പൂനാച്ച കൂട്ടിച്ചേര്‍ത്തു.
സഹപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പടെ നിരവധിപ്പേരാണ് ഈവിഷയത്തില്‍ നടിക്കു പിന്തുണയുമായി എത്തുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. പതിനഞ്ചാം വയസ്സില്‍ പിയുസി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഹര്‍ഷിക പൂനാച്ച. മലയാളത്തില്‍ അജിത് സി ലോകേഷ് സംവിധാനം ചെയ്ത ചാര്‍മിനാര്‍ എന്ന സിനിമയിലും അവര്‍ നായികയായി എത്തിയിരുന്നു.