KeralaNEWS

അടൂര്‍ പ്രകാശിനായി പണം വിതരണമെന്ന് ആരോപണം: ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍; പണം കണ്ടെത്താനായില്ലെന്ന് ഫ്‌ളൈങ് സ്‌ക്വാഡ്

തിരുവനന്തപുരം: വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് ആറ്റിങ്ങല്‍ മണ്ഡലത്തിലെ അരുവിക്കര വടക്കേമലയില്‍ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനായി പണം നല്‍കിയെന്നാണ് ആരോപണം. അതേസമയം, താന്‍ ബിസിനസ് കാര്യങ്ങള്‍ക്കായി അരുവിക്കര സ്വദേശിയും സുഹൃത്തുമായ സുരേഷിന്റെ വീട്ടിലെത്തിയതാണെന്ന് ബിജു രമേശ് പറഞ്ഞു. തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ പണം കണ്ടെത്താനായില്ല.

അരുവിക്കര വടക്കേമലയില്‍ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സുരേഷിന്റെ വീട്ടിലായിരുന്നു ബിജു രമേശ് എത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ബിജു രമേശിനെ അരുവിക്കര സ്റ്റേഷനിലേക്കു മാറ്റി.

വാഹനം തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, പണം വിതരണത്തിനെത്തിയ ബിജു രമേശിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ബിജു രമേശിന് എതിരെ കേസ് എടുക്കണമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സിപിഎം നേതൃത്വം ബിജു രമേശിനെതിരെ പരാതി നല്‍കി. ബിജു രമേശ് ഇവിടെ എത്തിയതറിഞ്ഞ് പിന്നാലെ വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.

റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിനായാണ് ബിജു രമേശ് വീട്ടില്‍ വന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുരേഷ് പ്രതികരിച്ചു. പണം വിതരണം ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് അരുവിക്കര ബ്ലോക്ക് കമ്മിറ്റി അംഗമായ സുരേഷ് പറഞ്ഞു. പണം കണ്ടെത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഫ്‌ലയിങ് സ്‌ക്വാഡും അറിയിച്ചു.

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അടൂര്‍ പ്രകാശും വ്യവസായി ബിജു രമേശും അടുത്ത ബന്ധുക്കളാണ്. അടൂര്‍ പ്രകാശിന്റെ മകന്റെ ഭാര്യ ബിജു രമേശിന്റെ മകളാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴ വിവാദത്തില്‍ കെ.എം. മാണിയെ പ്രതിക്കൂട്ടിലാക്കിയത് ഇദ്ദേഹത്തിന്റെ ആരോപണങ്ങളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: