KeralaNEWS

മോചനം സാദ്ധ്യമാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍; ഒരുപാടു പേരുടെ സഹായം കിട്ടിയെന്ന് ആന്‍ ടെസ

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണ് മോചനം സാദ്ധ്യമാക്കിയതെന്ന് ഇറാന്‍ സൈന്യം പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ ജീവനക്കാരി ആന്‍ ടെസ ജോസഫ് . അറിയാത്ത ഒരുപാടു പേരുടെ സഹായം കിട്ടി.പെണ്‍കുട്ടിയെന്ന പരിഗണന കൊണ്ടാവും അവര്‍ എന്നെ ആദ്യം മോചിപ്പിച്ചത്. മലയാളികളടക്കം മറ്റല്ലാവരും സുരക്ഷിതരാണെന്നും തൃശൂര്‍ വെളുത്തൂര്‍ സ്വദേശിനിയായ ആന്‍ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് 3. 30നാണ് ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആന്‍ ടെസ എത്തിയത്. കൊച്ചി റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ മിഥുന്‍ ആന്‍ ടെസയെ സ്വീകരിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ കാത്തുനിന്ന മാതാപിതാക്കളായ ബിജു എബ്രഹാമിനും, ബീന ബിജുവിനുമൊപ്പം രാത്രി എട്ടോടെ കോട്ടയം കൊടുങ്ങൂരിലെ പുതിയ വീട്ടിലെത്തി. ഏതാനും ദിവസം മുമ്പാണ് കുടുംബം ഇവിടെ താമസമാക്കിയത്. അവശേഷിക്കുന്ന 16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Signature-ad

ആന്‍ ടെസ ജോസഫ് കൊച്ചിയില്‍ എത്തിയത് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് എക്‌സിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പതു മാസമാ യി ഡോക്ക് കേഡറ്റായി എം.എസ്.സി ഏരീസ് എന്ന കപ്പലില്‍ ജോലി ചെയ്യുകയായിരുന്നു ആന്‍. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 13 നാണ് ഇറാന്‍ സൈന്യം മാരിടൈം ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് കപ്പല്‍ പിടിച്ചെടുത്തത്. ഫുജൈറ തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍. 25 ജീവനക്കാരില്‍ 17 പേരും ഇന്ത്യക്കാരാണ്. സെക്കന്‍ഡ് ഓഫീസര്‍ വയനാട് മാനന്തവാടി സ്വദേശി പി.വി.ധനേഷ്, സെക്കന്‍ഡ് എന്‍ജിനിയര്‍ കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാംനാഥ്, തേഡ് എന്‍ജിനിയര്‍ പാലക്കാട് കേരളശേരി സ്വദേശി എസ്. സുമേഷ് എന്നിവരാണ് ഇനി മോചിതരാകാനുള്ള മലയാളികള്‍. ആന്‍ ടെസയെ കാത്ത് നാടൊന്നാകെ കൊടുങ്ങൂരിലെ വീട്ടിലുണ്ടായിരുന്നു. ബി.ജെ.പി മദ്ധ്യ മേഖലാ പ്രസിഡന്റ് എന്‍.ഹരിയുടെ നേതൃത്വത്തില്‍ സ്വീകരണവും ഒരുക്കിയിരുന്നു.

 

 

Back to top button
error: