തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ നല്‍കിയ ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കോടതി. കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മിലുള്ള ബന്ധം എന്താണെന്ന് കോടതി ചോദിച്ചു. കരാര്‍ എന്തായിരുന്നു എന്നും കോടതി ആരാഞ്ഞു.
ഐആര്‍ഇഎല്ലില്‍ കുറഞ്ഞ നിരക്കിലാണ് സിഎംആര്‍എല്‍ ധാതുമണല്‍ വാങ്ങുന്നതെന്ന് മാത്യു കുഴല്‍നാടന്‍ കോടതിയെ അറിയിച്ചു. ഇതിന്റെ ഇവേ ബില്‍ ഹാജരാക്കി. കുറഞ്ഞ നിരക്കിലാണോ സ്വകാര്യ കമ്പനിക്ക് മണല്‍ നല്‍കുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് മാത്യു കുഴല്‍നാടന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 25 ന് പരിഗണിക്കാന്‍ മാറ്റി. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നാണ് ഹര്‍ജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും ഉള്‍പ്പെടെ ഏഴു പേരാണ് എതിര്‍കക്ഷികള്‍.
ധാതു മണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്കു അനുമതി നല്‍കിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് മാസപ്പടിയായി പണം ലഭിച്ചുവെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. കേസില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.