KeralaNEWS

ഗള്‍ഫ് രാജ്യങ്ങളില്‍ കനത്ത മഴ: കൊച്ചിയില്‍നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫിലേയ്ക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി. ഫ്‌ലൈ ദുബായുടെയും എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെയും കൊച്ചി – ദുബായ് സര്‍വീസ്, ഇന്‍ഡിഗോയുടെ കൊച്ചി – ദോഹ സര്‍വീസ്, എയര്‍ അറേബ്യയുടെ കൊച്ചി – ഷാര്‍ജ സര്‍വീസ് എന്നിവയാണ് റദ്ദാക്കിയത്. ഏതാനും സര്‍വീസുകള്‍ വൈകിയിട്ടുമുണ്ട്.

യു.എ.ഇ., ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് ശക്തിപ്രാപിച്ചത്. ബുധനാഴ്ചയും മഴ തുടരാനാണ് സാധ്യതയെന്ന് വിവിധ കാലാവസ്ഥാകേന്ദ്രങ്ങള്‍ അറിയിച്ചു. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകള്‍ ഇടിഞ്ഞുതാഴ്ന്നു. സ്‌കൂള്‍പഠനം ഓണ്‍ലൈനാക്കിയിരിക്കുകയാണ്.

സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് പ്രവചനം. ദുബായ്, അബുദാബി തീരപ്രദേശങ്ങളിലെല്ലാം കാറ്റ് ശക്തമായിരുന്നു. ഒമാനിലെ പേമാരിയില്‍ 18 പേരാണ് ഇതുവരെ മരിച്ചത്. ഇതില്‍ 10 പേര്‍ സ്‌കൂള്‍വിദ്യാര്‍ഥികളാണ്.

ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. ഇതുവരെയുള്ള നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടില്ല. ബുധനാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുമെന്നാണ് വിവരം. യു.എ.ഇ.യില്‍ വ്യാപകനാശനഷ്ടമാണുണ്ടായത്. ഒട്ടേറെ റോഡുകള്‍ തകര്‍ന്നു. ദുബായ് മെട്രോ സ്റ്റേഷനില്‍ വെള്ളം കയറി. താമസസ്ഥലങ്ങളും വെള്ളത്തിലായി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: