CrimeNEWS

സല്‍മാന്‍ ഖാന്റെ വീടാക്രമിച്ച കേസ്; രണ്ടുപേര്‍ പിടിയില്‍

ഗാന്ധിനഗര്‍: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടാക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഗുജറാത്തില്‍ നിന്നാണ് ഇവരെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഞായറാഴ്ചയാണ് ബൈക്കില്‍ എത്തിയ അക്രമി സംഘം സല്‍മാന്റെ വീടിനുനേരെ വെടിയുതിര്‍ത്തത്.

തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു.കൂടുതല്‍ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്‍പില്‍, ബൈക്കിലെത്തിയ രണ്ടുപേര്‍ വെടിവെപ്പ് നടത്തിയത്. നാല് റൗണ്ട് വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ സല്‍മാനുമായി ഫോണില്‍ സംസാരിച്ചു. ഷിന്‍ഡെ മുംബൈ പൊലീസ് കമ്മീഷണറുമായി ചര്‍ച്ച ചെയ്യുകയും നടന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Signature-ad

ഗുണ്ടാത്തലവന്‍മാരായ ലോറന്‍സ് ബിഷ്ണോയിയുടെയും ഗോള്‍ഡി ബ്രാറിന്റെയും ഭീഷണിയെത്തുടര്‍ന്ന് 2022 നവംബര്‍ മുതല്‍ സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തോക്ക് കൈവശം വയ്ക്കാനും മുംബൈ പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. 2022ല്‍ വധഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു. തന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ എസ്യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചിരുന്നു.

 

Back to top button
error: