
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ബി.ജെ.പി. പുറത്തുവിട്ടു. ഉത്തര്‍പ്രദേശ് (7), ബംഗാള്‍ (1) സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലെയും (1) സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി എസ്.എസ്. അലുവാലിയയാണ് ബംഗാളിലെ അസന്‍സോളിലെ സ്ഥാനാര്‍ഥി.
വിവാദങ്ങളുയര്‍ന്നതിനെത്തുടര്‍ന്ന് ഭോജ്പുരി ഗായകന്‍ പവന്‍സിങ് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്‍മാറിയ പശ്ചാത്തലത്തിലാണ് അലുവാലിയ സ്ഥാനാര്‍ഥിയായത്. സിറ്റിങ് എം.പി.യും ചലച്ചിത്ര താരവും മുന്‍ ബി.ജെ.പി. നേതാവുമായ ശത്രുഘന്‍ സിന്‍ഹയെയാണ് അലുവാലിയ നേരിടുന്നത്. ബി.ജെ.പി. വിട്ട് കോണ്‍ഗ്രസ് വഴി ടി.എം.സിയിലെത്തിയ ശത്രുഘന്‍ സിന്‍ഹ 2022-ലെ ഉപതിരഞ്ഞെടുപ്പിലാണ് അസന്‍സോളില്‍ വിജയിച്ചത്. ബംഗാളിലെ വ്യവസായമേഖലയായ അസന്‍സോള്‍ ഇതോടെ കടുത്ത മത്സരത്തിന്റെ വേദിയായി.
അലഹാബാദില്‍ സിറ്റിങ് എം.പിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ റീത്താ ബഹുഗുണ ജോഷിക്ക് സീറ്റില്ല. പകരം മുന്‍സ്പീക്കര്‍ കേസരി നാഥ് ത്രിപാഠിയുടെ മകന്‍ നീരജ് ത്രിപാഠി സ്ഥാനാര്‍ഥിയായി. ഫുല്‍പുറിലെ സിറ്റിങ് എം.പി. കേശരി ദേവി പട്ടേലിനെയും ഒഴിവാക്കി. മച്ച്‌ലിഷെഹര്‍ മണ്ഡലത്തിലെ സിറ്റിങ് എം.പി. പ്രവീണ്‍ പട്ടേലാണ് ഇവിടെ സ്ഥാനാര്‍ഥി. മുന്‍പ്രധാനമന്ത്രി ചന്ദ്രശേഖറുടെ മകന്‍ നീരജ് ശേഖറാണ് ബല്ലിയയിലെ സ്ഥാനാര്‍ഥി.
കിസാന്‍മോര്‍ച്ച ദേശീയ അധ്യക്ഷനും സിറ്റിങ് എം.പിയുമായ വീരേന്ദ്ര സിങ്ങിനെ മാറ്റിയാണ് നീരജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ ഘാസിപ്പുരില്‍ പരസ് നാഥ് റായിയാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ജമ്മു-കശ്മീര്‍ ലെഫ്. ഗവര്‍ണറും മുന്‍ കേന്ദ്രമന്ത്രിയുമായ മനോജ് സിന്‍ഹയുടെ വിശ്വസ്തനാണ് പരസ് നാഥ് റായി.
സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അഫ്‌സല്‍ അന്‍സാരിയാണ് എതിരാളി. കൗസംബി മണ്ഡലത്തില്‍ സിറ്റിങ് എം.പി. വിനോദ് സോന്‍കറെ നിലനിര്‍ത്തിയിട്ടുണ്ട്. ടി.എം.സി. അംഗം മഹുവ മൊയ്ത്രക്കെതിരേയുള്ള പരാതി പരിശോധിച്ച ലോക്‌സഭയുടെ എത്തിക്സ് കമ്മിറ്റി ചെയര്‍മാനായിരുന്നു സോന്‍കര്‍. ചണ്ഡീഗഢില്‍നിന്ന് സിറ്റിങ് എം.പി. കിരണ്‍ ഖേറിനെ ഒഴിവാക്കി സഞ്ജയ് ടണ്ഠനെ സ്ഥാനാര്‍ഥിയാക്കി. നടന്‍ അനുപം ഖേറിന്റെ ഭാര്യയായ കിരണ്‍ അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലാണ്.






