കൊച്ചി: സ്ഥിരമായി രാത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതോടെ പാലാരിവട്ടം കെഎസ്ഇബി ഓഫീസില്‍ വ്യത്യസ്തമായ പ്രതിഷേധവുമായി പോണേക്കര സ്വദേശിയും ഭാര്യയും രംഗത്ത്. രോഗിയായ ഭാര്യയുമൊത്താണ് പരമേശ്വരന് (55) രാത്രി വൈദ്യുതി ഓഫീസിലെത്തിയത്. കയ്യില്‍ ഒരു പായും തലയിണയും കരുതിയിട്ടുണ്ടായിരുന്നു. പാലാരിവട്ടം വൈദ്യുതി ഓഫീസില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പരമേശ്വരന്റെ വേറിട്ട പ്രതിഷേധം നടന്നത്.
രോഗിയായ ഭാര്യയുടെ കൈപിടിച്ച് പരമേശ്വരന് രാത്രിയില്‍ വൈദ്യുതി ഓഫീസിലെത്തിയപ്പോള്‍ അധികൃതര്‍ അമ്പരന്നു. കയ്യില്‍ ഒരു പായയും തലയിണയും കരുതിയിരുന്നു, എന്താണ് പരമേശ്വരന്റെ ഉദ്ദേശ്യമെന്ന് ആര്‍ക്കും ആദ്യം മനസ്സിലായില്ല. പായ നിലത്തുവിരിച്ച പരമേശ്വരന് രോഗിയായ ഭാര്യ ചന്ദ്രകലയെ അവിടെ കിടത്തി. തൊട്ടടുത്ത് പരമേശ്വരനും കിടന്നു. അത് കെഎസ്ഇബിക്കെതിരായ പ്രതിഷേധത്തിന്റെ തുടക്കമായിരുന്നു. പാലാരിവട്ടം വൈദ്യുതി ഓഫീസില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു പരമേശ്വരന്റെ വേറിട്ട പ്രതിഷേധം.
രാത്രിയായാല്‍ കറന്റില്ല. പരാതി പറഞ്ഞു മടുത്തു. അത്യുഷ്ണം സഹിക്കാനാകാതെയാണ് പരമേശ്വരനും ഭാര്യയും വൈദ്യുതി ഓഫിസിലെത്തി കിടന്നുറങ്ങി പ്രതിഷേധിച്ചത്. ആദ്യം ഉദ്യോഗസ്ഥര്‍ക്ക് കാര്യം പിടികിട്ടിയിരുന്നില്ല. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പരമേശ്വരന് പിന്മാറിയില്ല.
‘വീട്ടില്‍ കിടന്നുറങ്ങാന്‍ നിവര്‍ത്തിയില്ല. ഇവിടെ കറണ്ടുള്ളപ്പോള്‍ ഹൃദ്രോഗിയായ എന്റെ ഭാര്യ ഇവിടെ കിടന്നുറങ്ങട്ടെ.’ – എന്നായിരുന്നു പരമേശ്വരന് പറഞ്ഞത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തിയെങ്കിലും ബലപ്രയോഗത്തിലൂടെ ദമ്പതികളെ മാറ്റാന്‍ മുതിര്‍ന്നില്ല.പരമേശ്വരനും ഭാര്യയ്ക്കും പിന്തുണയുമായി നാട്ടുകാരും എത്തിയതോടെ പ്രശ്നപരിഹാരത്തിനുള്ള ശ്രമം ഊര്‍ജിതമായി. ഒടുവില്‍ പുലര്‍ച്ചെ മൂന്നു മണിയോടെ പാണേക്കര പ്രദേശത്തെ കറണ്ട് തടസം പരിഹരിച്ചതോടെയാണ് രോഗിയായ ഭാര്യയെയും കൂട്ടി പരമേശ്വരന് വീട്ടിലേക്കു മടങ്ങിയത്.
പാണേക്കരയിലും പരിസര പ്രദേശത്തും പത്ത് വര്‍ഷത്തിലേറെയായി തുടരുന്ന വൈദ്യുതി തടസത്തിന് ഇതുവരെ ശാശ്വത പരിഹാരം കാണാനായിട്ടില്ല. മണിമല റോഡില്‍ നോര്‍ത്ത് ഭാഗങ്ങളിലെല്ലാം രാത്രി ഒമ്പത് മണിയാകുമ്പോള്‍ കറണ്ട് പോകും. പുലര്‍ച്ചയോടെ മാത്രമേ കറണ്ട് വരൂ. പലതവണ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ ഒഴിഞ്ഞുമാറുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. മുഖ്യമന്ത്രിക്കടക്കം കഴിഞ്ഞ ദിവസം ഇവര്‍ പരാതി നല്കി.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രദേശവാസികളുടെ തീരുമാനം. അതേസമയം രാത്രിയിലെ അമിത വൈദ്യതി ഉപയോഗമാണ് പോണേക്കരയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് കെഎസ്ഇബി അധികൃതര്‍ ചൂണ്ടികാട്ടി. 315 കെവി യുടെ ട്രാന്‍സ്ഫോര്‍മാറാണ് ഇവിടെ ഉള്ളത്. ഭൂരിഭാഗം വീടുകളിലും ഒന്നിലധികം എ.സി പ്രവര്‍ത്തിപ്പിക്കുന്നതിനാലാണ് രാത്രിയില്‍ മാത്രം തടസ്സം ഉണ്ടാകുന്നത്. പരിഹാരത്തിനായി 100 കെ. വി യുടെ ഒരു ട്രാന്‍സ്ഫോര്‍മര്‍ കൂടി ഇവിടെ സ്ഥാപിക്കുന്നതിനായി നടപടികളായിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.