MovieNEWS

”ആടുജീവിതം ഉപേക്ഷിച്ചതല്ല വിട്ടുകൊടുത്തതാണ്… ചിത്രം ചെയ്യാന്‍ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങി”

റെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് ബ്ലെസി-പൃഥ്വിരാജ് ചിത്രം ആടുജീവിതം അടുത്തിടെ തിയറ്ററുകളില്‍ എത്തിയത്. ചിത്രം മികച്ച സ്വീകാര്യത നേടി നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറി കഴിഞ്ഞു. ഒരു മനുഷ്യന്‍ മൂന്നര വര്‍ഷത്തോളം മണലാരണ്യത്തില്‍ അനുഭവിച്ച കഷ്ടതകളെ നരക യാതനകളെ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ദിവസങ്ങളോളം പിന്നിട്ട അതിജീവനത്തിന്റെ ദിനരാത്രങ്ങളെ അഭ്രപാളിയില്‍ എത്തിക്കാന്‍ പൃഥ്വിരാജിന് സാധിച്ചു.

പതിനാറ് വര്‍ഷത്തോളം പൃഥ്വിരാജും ബ്ലെസിയും ആടുജീവിതത്തിന് പിന്നാലെയായിരുന്നു. പൃഥ്വിരാജ് മാത്രമല്ല ഹക്കീമായി വന്ന ഗോകുലും ആഫ്രിക്കക്കാരനായി വന്ന നടനും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ബ്ലെസിക്ക് മുമ്പ് ആടുജീവിതം നോവല്‍ സിനിമയാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ആദ്യം നോവലിസ്റ്റ് ബെന്യാമിനെ സമീപിച്ചത് സംവിധായകന്‍ ലാല്‍ ജോസാണ്.

Signature-ad

ആടുജീവിതം പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബെന്യാമിന്‍ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ആടുജീവിതം ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലാല്‍ ജോസ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ആടുജീവിതം സിനിമയാക്കുന്നതില്‍ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തിയത്.

ആടുജീവിതം ചെയ്യാന്‍ സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി വരെ തുടങ്ങിയ ആളാണ് താനെന്നും ലാല്‍ ജോസ് പറയുന്നു. സംവിധായകന്റെ വാക്കുകളിലേക്ക്… ”ആടുജീവിതം നോവല്‍ വായിച്ച് തീര്‍ത്ത സമയത്ത് തന്നെ ഇതില്‍ ഒരു സിനിമക്കുള്ള കഥയുണ്ടെന്ന് മനസിലായി. സിനിമയാക്കിയാല്‍ കൊള്ളാമെന്നും എനിക്ക് തോന്നി. അതിന് വേണ്ടി ബഹ്റൈനില്‍ പോയി ബെന്യാമിനുമായി സംസാരിക്കുകയും ചെയ്തിരുന്നു.’

അദ്ദേഹത്തിന് ആ സമയത്ത് അത് ഓക്കെയായിരുന്നു. പിന്നീട് ഈ സിനിമ ആര് പ്രൊഡ്യൂസ് ചെയ്യുമെന്നായി ചിന്ത. മറ്റുള്ളവരെ സമീപിക്കാതെ ഞാന്‍ തന്നെ ഒരു പ്രൊഡക്ഷന്‍ കമ്പനി ഉണ്ടാക്കി. എല്‍.ജെ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു അതിന്റെ പേര്. നജീബായിട്ട് ഒരു പുതുമുഖ നടനെയായിരുന്നു മനസില്‍ കണ്ടിരുന്നത്. കാരണം ഈ സിനിമയിലെ ഫിസിക്കല്‍ ട്രാന്‍സ്ഫോര്‍മേഷന് വേണ്ടി ഒരുപാട് സമയം മാറ്റിവെക്കേണ്ടി വരും.

ഒരു സൂപ്പര്‍ താരത്തിനെക്കൊണ്ട് അത്ര വലിയ റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലായിരുന്നു. അതുപോലെ ഈ സിനിമയിലേക്ക് വിദേശത്ത് നിന്നുള്ള ഒരു പ്രൊഡക്ഷന്‍ കമ്പനിയെയും നോക്കിയിരുന്നു. പ്രീ പ്രൊഡക്ഷനും നാട്ടിലെ സീക്വന്‍സുകളും പോസ്റ്റ് പ്രൊഡക്ഷനുമെല്ലാം എല്‍.ജെ ഫിലിസും, വിദേശത്തെ ഷൂട്ടിന് വിദേശത്തെ പ്രൊഡക്ഷന്‍ കമ്പനിയും. അതായിരുന്നു പ്ലാന്‍ ചെയ്തത്.

അതിന്റെ ബാക്കി പരിപാടികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നപ്പോളാണ് ബെന്യാമിന്‍ എന്നെ വിളിച്ചിട്ട് ബ്ലെസിയും നോവല്‍ സിനിമയാക്കാന്‍ വേണ്ടി സമീപിച്ചിട്ടുണ്ടന്ന് പറഞ്ഞത്. അതിന്റെ സ്‌ക്രിപ്റ്റ് പകുതിയോളം എഴുതിയിട്ടുണ്ടെന്നും പറഞ്ഞു.

പിന്നീട് ഞാന്‍ ബ്ലെസിയുമായി സംസാരിച്ച് അയാള്‍ക്ക് ഈ പ്രൊജക്ടിലുള്ള വിശ്വാസവും കണ്ട് ഞാന്‍ പിന്മാറുകയായിരുന്നു. ഇത്ര മികച്ച രീതിയില്‍ ബ്ലെസി ആടുജീവിതം അണിയിച്ചൊരുക്കുമെന്ന് ആ സമയത്ത് തന്നെ മനസിലായിരുന്നു”, എന്നാണ് ലാല്‍ ജോസ് പറഞ്ഞത്.

 

Back to top button
error: