KeralaNEWS

അസമയത്തെ ബോംബ് സ്‌ഫോടനം; ആപ്പാകുമോയെന്ന് ഇടതിന് അങ്കലാപ്പ്

തിരുവനന്തപുരം: രാഷ്ട്രീയ അജന്‍ഡ നിശ്ചയിച്ച് തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ മുന്നേറുന്ന സി.പി.എമ്മിനും എല്‍.ഡി.എഫിനും അസമയത്ത് കിട്ടിയ അടിയായി പാനൂരിലെ ബോംബ് സ്ഫോടനം.

തെക്കന്‍ കേരളത്തിലെ പല നേതാക്കള്‍ക്കും ഇതില്‍ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിക്ക് വിജയപ്രതീക്ഷയുള്ള വടകര മണ്ഡലത്തിലാണ് ഈ സ്ഫോടനത്തിന്റെ അലയൊലി ഏറെയുള്ളതെന്നതും നേതാക്കളെ അസ്വസ്ഥമാക്കുന്നു.

ടി.പി. ചന്ദ്രശേഖരന്‍ വധത്തിനുശേഷം വടകര എല്‍.ഡി.എഫിനെ കൈവിട്ടതാണ്. അതിനുശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പിലും ടി.പി. വധം ഉയര്‍ത്തിക്കാട്ടി അക്രമരാഷ്ട്രീയത്തിന്റെ അടയാളമായി സി.പി.എമ്മിനെ പ്രതിഷ്ഠിച്ചുള്ള പ്രചാരണമാണ് യു.ഡി.എഫ്. നടത്തിയത്. ഇത്തവണയും അത് പ്രധാന പ്രചാരണവിഷയമാണെന്ന് യു.ഡി.എഫ്. പ്രഖ്യാപിച്ചതുമാണ്. ആദ്യ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വടകരയിലെ ടീച്ചറമ്മ ടി.പി.യുടെ അമ്മയായ പത്മിനി ടീച്ചറാണെന്ന് പ്രഖ്യാപിച്ചാണ് ഷാഫി പറമ്പില്‍ പ്രചാരണം തുടങ്ങിയത്.

എന്നാല്‍, കെ.കെ. ശൈലജയുടെ വ്യക്തിപ്രഭാവത്തില്‍ രാഷ്ട്രീയത്തിനതീതമായ വോട്ടുകള്‍ സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു എല്‍.ഡി.എഫ്. ആ പ്രതീക്ഷയ്ക്കുമേലാണ് പാനൂരില്‍ ബോംബ് വീണു പൊട്ടിയത്. ഇതില്‍ ഉള്‍പ്പെട്ടവര്‍ കെ.കെ. ശൈലജയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ രാഷ്ട്രീയപ്രചാരണത്തിന് യു.ഡി.എഫ്. ഉപയോഗിക്കുകയുംചെയ്തു.

ടി.പി. ചന്ദ്രശേഖരന്റെ ഓര്‍മപോലും എല്‍.ഡി.എഫിന്റെ ഉറക്കംകെടുത്തുന്നതാണ് എന്നതാണ് വടകരയിലെ അനുഭവം. ടി.പി.യുടെ കൊലപാതകത്തിനുമുമ്പ് കെ.പി. ഉണ്ണികൃഷ്ണനല്ലാതെ മറ്റാരും ഇടതുപക്ഷത്തിനു പുറത്തുനിന്ന് വടകരയില്‍ ജയിച്ചിട്ടില്ല. എന്നാല്‍, ടി.പി.വധത്തിനുശേഷം നടന്ന രണ്ടു ലോക്സഭാതിരഞ്ഞെടുപ്പിലും വടകരയില്‍ ഇടതുപക്ഷം നിലംതൊട്ടില്ല.

പതിറ്റാണ്ടുകളായി എല്‍.ഡി.എഫിനൊപ്പംനിന്ന കാസര്‍കോട് 2019-ല്‍ എല്‍.ഡി.എഫിനെ കൈവിട്ടതിന് ഒരുകാരണം പെരിയയിലെ ഇരട്ടക്കൊലയാണ്. കൃപേഷിന്റെയും ശരത്‌ലാലിന്റെയും മരണവും അതില്‍ സി.പി.എം. പ്രാദേശികനേതാക്കള്‍ പ്രതികളായതും ജനമനസ്സ് ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് എതിരാക്കി.

Back to top button
error: