ആലപ്പുഴ: കോണ്‍ഗ്രസ് കുമാരപുരം വടക്ക് മണ്ഡലം പ്രസിഡന്റും ഗ്രാമപ്പഞ്ചായത്തംഗവുമായ കെ. സുധീറിനെ കസേരകൊണ്ട് അടിച്ചുവീഴ്ത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട യൂത്ത്കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശ്രീക്കുട്ടന്‍ കുമാരപുരത്തിനെതിരേ പാര്‍ട്ടി നടപടി. ശ്രീക്കുട്ടനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് അറിയിച്ചു. ഗുരുതരമായ അച്ചടക്കലംഘനത്തിനാണ് നടപടിയെന്നും പ്രസ്താവന തുടരുന്നു.
കുമാരപുരം ഇരുപതാം നമ്പര്‍ ബൂത്തുപ്രസിഡന്റായിരുന്ന ശ്രീക്കുട്ടനെ കഴിഞ്ഞ ദിവസം ചുമതലയില്‍നിന്ന് ഒഴിവാക്കി അഖില എന്ന പ്രവര്‍ത്തകയ്ക്കു ചുമതല നല്‍കിയിരുന്നു. ഇതുസംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സുധീറിന്റെ കൈക്ക് പൊട്ടലുണ്ട്. ശ്രീക്കുട്ടന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രഞ്ജിത്ത്, സജിത്ത് എന്നിവര്‍ക്കെതിരേ ഇതുമായി ബന്ധപ്പെട്ട് ഹരിപ്പാട് പോലീസ് കേസെടുത്തിരുന്നു.
ആദ്യം ശ്രീക്കുട്ടന്‍ ഫോണ്‍വിളിച്ച് അസഭ്യംപറഞ്ഞതോടെ സുധീര്‍ ഫോണ്‍ വെച്ചു. പിന്നാലെ വീട്ടിലെത്തി ശ്രീക്കുട്ടനും സജിത്തും ചേര്‍ന്ന് സിറ്റൗട്ടില്‍ക്കിടന്ന തടിക്കസേരയെടുത്ത് തന്നെ അടിക്കുകയായിരുന്നെന്ന് സുധീര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.