CrimeNEWS

റീല്‍സിട്ട് സൗഹൃദത്തിലാവും, വിവാഹവാഗ്ദാനം നല്‍കി പീഡനം; ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയ വിരുതന്‍ അറസ്റ്റില്‍

ആലപ്പുഴ: യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി കൊക്കയാര്‍ വെംബ്ലി വടക്കേമല തുണ്ടിയില്‍ അജിത്ത് ബിജു (28) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദത്തിലായതിനു ശേഷമായിരുന്നു പീഡനം.

ആലപ്പുഴ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വീഡിയോകള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുക്കുകയുമായിരുന്നു. രണ്ട് വര്‍ഷം മുന്‍പു നടന്ന സംഭവത്തില്‍ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ചതോടെയാണ് യുവതി പരാതി നല്‍കിയത്.

യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു. അജിത്ത് ബി.കൃഷ്ണ നായര്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ പോസ്റ്റ് ചെയ്യുന്ന റീല്‍സിലൂടെയാണ് ഇയാള്‍ യുവതികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്.

പ്രതിക്കെതിരെ മലപ്പുറം കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചതാണ്. ഈ കേസില്‍ ജാമ്യമെടുത്ത് പലയിടത്തായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഇതിനിടയിലും ഇയാള്‍ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിന് ഇരയാക്കിയിരുന്നു. കൂടുതല്‍ യുവതികളെ ഇത്തരത്തില്‍ വഞ്ചിച്ചതായി പൊലീസ് സംശയിക്കുന്നു.

 

Back to top button
error: