IndiaNEWS

ഭാര്യ ജയിച്ചാല്‍ ഓരോ വോട്ടര്‍ക്കും 16 ലക്ഷം! ബംപര്‍ ഓഫറുമായി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ്

ഭോപ്പാല്‍: ഭാര്യയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കണ്ണുതള്ളിപ്പോകുന്ന വാഗ്ദാനവുമായി ഭര്‍ത്താവ്. ഭാര്യ വിജയിച്ചാല്‍ ഓരോ വോട്ടര്‍ക്കും 16 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് വമ്പന്‍ ഓഫര്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ജനവിധി തേടുന്ന ശശി സലാലസിന്റെ വിജയത്തിനുവേണ്ടിയാണ് ഭര്‍ത്താവ് സ്റ്റാന്‍ലി ലൂയിസ് അരയും തലയും മുറുക്കി രംഗത്തുള്ളത്.

മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് ശശി മത്സരിക്കുന്നത്. സ്റ്റാന്‍ലി തന്നെയാണ് ഇവര്‍ക്ക് വോട്ട് തേടി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുള്ളത്. പ്രത്യേകം അലങ്കരിച്ച കുതിരവണ്ടിയിലാണ് ഇരുവരും പ്രചാരണത്തിനിറങ്ങുന്നത്. നാലാളു കൂടുന്ന സ്ഥലത്തെത്തിയാല്‍ സ്റ്റാന്‍ലി ആ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിക്കും; ഭാര്യയെ വിജയിപ്പിച്ചാല്‍ ഓരോ വോട്ടര്‍ക്കും താന്‍ 20,000 മില്യന്‍ ഡോളര്‍(ഏകദേശം 16 ലക്ഷം രൂപ) നല്‍കുമെന്ന്.

Signature-ad

അതേസമയം, വിചിത്രകരമായ അവകാശവാദങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഏഷ്യയുടെ പ്രസിഡന്റ് ആണ് താനെന്നാണു സ്വയം അവകാശവാദം. ഭാര്യയെ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റായും പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഇന്ദ്ര മാര്‍ക്കറ്റില്‍ കുതിര വണ്ടിയിലെത്തി ശശി സലാലസ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

പതിറ്റാണ്ടുകളായി മധ്യപ്രദേശിലെ ബി.ജെ.പി കോട്ടയാണ് ജബല്‍പൂര്‍. 1996 മുതല്‍ ഇതുവരെ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മാത്രമേ മണ്ഡലത്തില്‍ വിജയിച്ചിട്ടുള്ളൂ. 2004 മുതല്‍ 2023 വരെ മണ്ഡലം നാലുതവണ തുടര്‍ച്ചയായി ഇവിടെനിന്നു പാര്‍ലമെന്റിലെത്തിയത് നിലവിലെ മധ്യപ്രദേശ് മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രാകേഷ് സിങ് ആണ്. 2023ല്‍ നടന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജബല്‍പൂര്‍ വെസ്റ്റില്‍നിന്നു വിജയിച്ച് ഇദ്ദേഹം നിയമസഭയിലെത്തി. മോഹന്‍ യാദവ് സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയുമായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4,54,744 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജബല്‍പൂരില്‍നിന്ന് രാകേഷ് കോണ്‍ഗ്രസിന്റെ വിവേക് കൃഷ്ണ തങ്കയെ തകര്‍ത്തത്. മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം കൂടിയായിരുന്നു ഇത്.

യുവനേതാവ് ആശിഷ് ദുബേയെയാണ് ഇത്തവണ രാകേഷ് സിങ്ങിന്റെ പിന്‍ഗാമിയായി ബി.ജെ.പി മത്സരത്തിനിറക്കിയിരക്കുന്നത്. ദിനേശ് യാദവ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

 

Back to top button
error: