Movie

‘ആടുജീവിതം’ കെട്ടുകഥയല്ല, തനി ജീവിതം; സിനിമ നൽകുന്നത് ധ്യാനസമാനമായ അനുഭവം

Film Review

ജിതേഷ് മംഗലത്ത്

      ഒരു നല്ല സിനിമ കാണുന്നത്,
നല്ല പാട്ട് കേൾക്കുന്നത്, നല്ല പുസ്തകം വായിക്കുന്നത്, നല്ല ഭക്ഷണം കഴിക്കുന്നത് ഒക്കെയും ധ്യാനസമാനമായ അനുഭവങ്ങളാണ് നൽകുന്നത് എന്നാണെന്റെ പക്ഷം. ബ്ലെസ്സിയുടെ ആടുജീവിതം കണ്ടു തുടങ്ങുമ്പോൾ വലതു ഭാഗത്തിരുന്നയാൾ തന്റെ കയ്യിലെ ഭക്ഷണപ്പാക്കറ്റിൽ നിന്നും എന്തൊക്കെയോ കഴിക്കുന്നുണ്ടായിരുന്നു. തലയ്ക്കു മുകളിൽ ഒരു ഡിം ലൈറ്റ് മുനിഞ്ഞും തെളിഞ്ഞും കത്തുന്നുമുണ്ട്.
കൃത്യമായ ഈ രണ്ട് അലോസരങ്ങൾക്കിടയിലൂടെയാണ് തിരക്കഥ, സംഭാഷണം, സംവിധാനം: ബ്ലെസ്സി എന്ന ടൈറ്റിൽ കാർഡ് ഡിസ്പ്ലെയ്ഡാകുന്നത്. ഏതാണ്ട് മൂന്നു മണിക്കൂറിനു ശേഷം സീറ്റിൽ നിന്നും എണീക്കുന്ന നിമിഷം വരെ ഈ പറഞ്ഞ രണ്ട് അലോസരങ്ങളും ഞാൻ മറന്നുപോയിരുന്നു. എല്ലാ അർത്ഥത്തിലും ധ്യാനസമാനമാണ് ആടുജീവിതം നൽകുന്ന അനുഭവം.

ഒരു ക്ലാസിക് സിനിമയിലേക്ക് പതുക്കെ ലോഞ്ച് ചെയ്യുകയേയല്ല ആടുജീവിതം.ആദ്യഫ്രെയിം തൊട്ടേ ഈ സിനിമ ഓഫർ ചെയ്യുന്നതൊക്കെയും എപിക് പ്രൊപ്പോർഷനിലുള്ളതാണ്. ഗ്രാൻഡിയർ മേക്കിംഗ് ഉള്ളടക്കത്തിനാൽ പിന്തുണയ്ക്കപ്പെടുകയും കൂടിയാകുമ്പോൾ മലയാളസിനിമയുടെ ചരിത്രത്തിലെത്തന്നെ ഒരുപക്ഷേ ആദ്യത്തെ ഇന്റർനാഷണൽ സിനിമ പിറക്കുകയാണ്. കാഴ്ച്ചയുടെ ക്ലൈമാക്സിൽ, തന്മാത്രയുടെ രണ്ടാം പാതിയിൽ ഒക്കെ ബ്ലെസ്സി പ്രദർശിപ്പിച്ചിട്ടുള്ള ഘനീഭവിച്ച വിഷാദത്തിന്റെ മാസ്റ്റർക്ലാസ്സ് എക്സിബിഷനാണ് ആടുജീവിതത്തിന്റെ രണ്ടാം പകുതി മുഴുവൻ.പെയ്യാൻ വിതുമ്പി നിൽക്കുന്ന വിഷാദഭാവത്തിന് ഏകാന്തതയുടെ ഛായ കൂടി നൽകുമ്പോൾ ബ്ലെസ്സി പ്രേക്ഷകനെ പൂർണ്ണമായും കീഴടക്കുന്നു.

മരുഭൂമിയുടെ വരൾച്ചയും,നാടിന്റെ കുളിർമ്മയും ഇന്റർബ്രിഡ്ജ് ചെയ്യുന്ന ഒന്നിലധികം സീനുകളുണ്ട് ആടുജീവിതത്തിൽ. സിനിമാറ്റിക് ഗിമ്മിക്കുകൾക്കപ്പുറം നിസ്സഹായതയ്ക്കും,പ്രതീക്ഷയ്ക്കുമിടയിൽ ഊയലാടുന്ന മനുഷ്യപ്രകൃതിയെക്കൂടി പ്രതിനിധീകരിക്കാൻ അവയ്ക്കു കഴിയുന്നുണ്ടെണ്ട്. എഴുത്തിന് സാധ്യമാകുന്ന സ്വാതന്ത്യത്തിന്റെ അഭാവത്തിലും,സംഭാഷണത്തിന്റെ പിന്തുണയില്ലാതെ നജീബിനെ ഏകാന്തമായി ആ വരണ്ട ഭൂമികയിലൂടെ നയിക്കുന്നതിൽ ബ്ലെസ്സി കാണിക്കുന്ന മിടുക്ക് സമാനതകളില്ലാത്തതാണ്. ഒട്ടും വെപ്രാളപ്പെടാതെ, വാണിജ്യ സിനിമയാവശ്യപ്പെടുന്ന വേഗതയെക്കുറിച്ച് ലവലേശം വേവലാതിപ്പെടാതെ അതേ സമയം പ്രേക്ഷകമനസ്സിൽ നജീബിന്റെ നിസ്സഹായതയെ കൃത്യമായി രജിസ്റ്റർ ചെയ്തുകൊണ്ട് ജീവിതത്തെ അയാൾ പോർട്രേ ചെയ്യുമ്പോൾ മലയാളസിനിമയിലെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമകളിലൊന്ന് ജനിക്കുന്നു.

കെ.എസ് സുനിലിന്റെ ഛായാഗ്രഹണവും,എ.ആർ റഹ്മാന്റെ പശ്ചാത്തസംഗീതവും ബ്ലെസ്സിയുടെ ശ്രമങ്ങളെ സപ്ലിമെന്റ്‌ ചെയ്യുക മാത്രമല്ല,എലവേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. മരുക്കാഴ്ച്ചകളിൽ വാടിപ്പോകുന്ന പ്രേക്ഷകനെ മലയാളത്തിലെ ഏറ്റവും സൂപ്പർലേറ്റീവായ ചില അണ്ടർവാട്ടർ ഷോട്ടുകളിലൂടെ തണുപ്പിക്കുന്നുണ്ട് സുനിലിന്റെ ക്യാമറ. നജീബിന്റെ ഏകാന്തതയും, മരുഭൂമിയുടെ ഭീകരതയും കൃത്യമായി രജിസ്റ്റർ ചെയ്യുന്നു ആ ഷോട്ടുകൾ. എന്തുകൊണ്ട് റഹ്മാൻ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നജീബിന്റെ ട്രാൻസിഷനുകൾക്കിടയിൽ അയാൾ നൽകുന്ന ഫ്ലൂട്ട് പീസുകളുടെ മാജിക്ക്.
താടി മുറിക്കാൻ ശ്രമിച്ച് കേഴുമ്പോൾ, നേർത്തു നേർത്തലിഞ്ഞില്ലാതാകുന്ന ഒരു ഫ്ലൂട്ട് പീസുണ്ട്. ദൈവമേ…!മനുഷ്യന്റെ നിസ്സാരതയും, നിസ്സഹായതയും ഒരേ സമയം ഏകാന്തതയിൽ മുങ്ങിമരിക്കുകയായിരുന്നവിടെ.ബെന്യാമിൻ വാക്കു കൊണ്ട് നജീബിനെ വരച്ചിടുമ്പോൾ റഹ്മാനെ കൂട്ടുപിടിച്ച് ബ്ലെസ്സി അതിനെ ദൃശ്യഭാഷ്യത്തിന്റെ അനശ്വരതയിൽ ആലേഖനം ചെയ്യുന്നു.

നജീബിന്റെ നിസ്സഹായതയറിഞ്ഞെന്നോണം ആട്ടിൻപറ്റം സ്വയമേവ തിരിച്ചു വരുമ്പോൾ, ഹക്കീമിനെ മരുഭൂമിയിൽ നജീബ് വീണ്ടും കണ്ടുമുട്ടുമ്പോൾ, അവസാനമായി ഒട്ടകങ്ങൾക്കും, ആടുകൾക്കും അയാൾ തീറ്റ കൊടുക്കുമ്പോൾ, മരുക്കാറ്റ് വീശുമ്പോൾ, അപ്പോഴൊക്കെയും പശ്ചാത്തലത്തിൽ റഹ്മാൻ തന്റെ മജസ്റ്റിക്കൽ മ്യൂസിക് കൊണ്ട് സിനിമയെ എലവേറ്റ് ചെയ്യുന്നുണ്ട്.

ഇനി പൃഥ്വിരാജിലേക്ക്…!എന്തൊരാക്ടറണയാൾ…? ഇതു വരെ കണ്ടതിനെയൊക്കെയും മറവിയിലേക്ക് നിർത്തി,എല്ലാ ചെതുമ്പലുകളും പൊഴിച്ചു കളഞ്ഞ് അയാൾ ഇന്ത്യൻ സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസുകളിലൊന്ന് ഡെലിവർ ചെയ്തിരിക്കുന്നു. ഊസിംഗ് ക്ലാസ് & എലൻ ഓൺ എവരി ഷോട്ട്…! റിയർ വ്യൂ മിററിൽ താടി വളർന്ന തന്റെ മുഖം കാണുമ്പോൾ അയാളുടെ മുഖത്ത് തെളിയുന്ന ഒരു ഭാവമുണ്ട്.ഒരേ സമയം അപരിചിതത്വവും, വേദനയും സമാസമം നിറഞ്ഞുനിൽക്കുന്നുണ്ടവിടെ.
‘താടിയൊക്കെ എപ്പോ വന്നു’ എന്ന മട്ടിൽ ഉള്ള മോണോലോഗിലൊരു പിടപിടപ്പുണ്ട്; സമയബോധവും, ഭാഷയും നഷ്ടപ്പെട്ടവന്റെ തിരിച്ചറിവുകളുടെ വേവിൽ പൊരിയുന്ന പിടപിടപ്പ്.പടച്ചോനെ വരെ തള്ളിക്കളയുന്നുണ്ടയാൾ. മരുക്കാറ്റിന്റെ ചൂടും, വരൾച്ചയും അയാളിലൂടെ നമ്മളും അറിയുന്നുണ്ട്.
ഹക്കീമിനെ രണ്ടാമതും കാണുമ്പോൾ നജീബയാളെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു സീനുണ്ട്; അന്നേരത്തുള്ള അയാളുടെ ഞരക്കങ്ങളുണ്ട്. സിംപ്ലി ബ്രെത്ത്ടേക്കിങ് സ്റ്റഫ്!സ്പോൺസർ തിരിച്ചറിയാൻ വരുമ്പോൾ എല്ലാം കഴിഞ്ഞ് സമാധാനമാണോ, നീതിനിഷേധമാണോ എന്ന് തിരിച്ചറിയാതെ വിധിയെ പഴിച്ചുകൊണ്ട് ചുമരിലൂടെ നിലത്തേക്ക് ഊർന്നിറങ്ങുന്ന ഒരു നിമിഷമുണ്ട്; കണ്ണീര് പെയ്യുകയായിരുന്നു തുലാപ്പെയ്ത്തു പോലെ. രക്ഷപ്പെടുന്നതിനു മുമ്പെ വസ്ത്രങ്ങളുരിയെറിഞ്ഞ് പൈപ്പിൻ ചുവട്ടിലേക്ക് നടക്കുന്ന ഒരു പൃഥ്വിരാജുണ്ട്; ഇന്നോളം അയാളിൽ ചാർത്തപ്പെട്ടിട്ടുള്ള സകല ആട്രിബ്യൂട്ടുകളും അവിടെ ഊരിയെറിയപ്പെടുന്നുണ്ട്. ഹീ സിംപ്ലി വാക്സ് ഇൻടു എറ്റേണിറ്റി; മോളിവുഡ്സ് എറ്റേണിറ്റി. ഒടുക്കം ഫ്ലൈറ്റിൽ കയറവേ തിരിഞ്ഞുനോക്കി ഒരു ചിരിയുണ്ട്, അതോ കരച്ചിലോ?!ആത്മാവും, ശരീരവും ആടുജീവിതത്തിന് സമർപ്പിച്ചവന്റെ സൈനിംഗ് ഓഫായിരുന്നത്.

‘നമ്മളനുഭവിക്കാത്ത ജീവിതങ്ങളൊക്കെയും നമുക്ക് കെട്ടുകഥകളാണെ’ന്ന ബെന്യാമിൻ വാചകത്തോടെയാണ് ആടുജീവിതം സ്ക്രീനിൽ അവസാനിക്കുന്നത്. എന്നാൽ അതിനു വിരുദ്ധമായി സുനിലും, റഹ്മാനും, ഗോകുലും, ബ്ലെസ്സിയും, പൃഥ്വിയും ചേർന്നൊരുക്കുന്ന ഈ ‘വിഷ്വൽ റൊമാൻസ്’ പറഞ്ഞുവെക്കുന്നത് നജീബിന്റെ ജീവിതം നമുക്ക് കെട്ടുകഥയാകുന്നില്ല എന്നു തന്നെയാണ്.

Back to top button
error: