IndiaNEWS

ബി.ജെ.പിക്ക് കൈ കൊടുത്തതോടെ പട്ടേലും ‘പരിശുദ്ധന്‍’! 8 മാസത്തിനിപ്പുറം അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ.

ന്യൂഡല്‍ഹി: എന്‍.സി.പി. (അജിത് പവാര്‍ പക്ഷം) നേതാവ് പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സി.ബി.ഐ. പ്രഫുല്‍ പട്ടേല്‍ വ്യോമയാന മന്ത്രിയായിരിക്കെ നടന്ന എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനവുമായി ബന്ധപ്പെട്ട കേസിലാണ് സി.ബി.ഐ. അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കിയത്. ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. സഖ്യത്തിനൊപ്പം പ്രഫുല്‍ പട്ടേല്‍ കൈകോര്‍ത്ത് എട്ടുമാസങ്ങള്‍ക്കിപ്പുറമാണ് സി.ബി.ഐ. കേസ് അവസാനിപ്പിച്ചത്.

എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനത്തിന് ശേഷം നാഷണല്‍ ഏവിയേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍.എ.സി.ഐ.എല്‍) വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയതില്‍ അപാകതകളുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്ന് സി.ബി.ഐ. സമര്‍പ്പിച്ച ക്ലോഷര്‍
റിപ്പോര്‍ട്ടില്‍ പറയുന്നു. യു.പി.എ. സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴാണ് വിമാനങ്ങള്‍ പാട്ടത്തിന് നല്‍കിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം 2017-ലാണ് കേസ് സി.ബി.ഐ. അന്വേഷിക്കാന്‍ ആരംഭിച്ചത്.

Signature-ad

ആവശ്യമായ പൈലറ്റുമാര്‍ പോലും ഇല്ലാതിരിക്കെ 15 ആഡംബര വിമാനങ്ങളാണ് അന്ന് പാട്ടത്തിന് നല്‍കിയത്. യാത്രക്കാര്‍ കുറഞ്ഞിരിക്കുകയും നഷ്ടം നേരിടുകയും ചെയ്യുന്ന സമയത്താണ് എയര്‍ ഇന്ത്യയ്ക്ക് വിമാനങ്ങള്‍ നല്‍കിയത്. ഈ ഇടപാട് സ്വകാര്യ കമ്പനികള്‍ക്ക് സാമ്പത്തിക നേട്ടവും സര്‍ക്കാരിന് വലിയ നഷ്ടവുമുണ്ടാക്കി എന്നായിരുന്നു ആരോപണം.

2023 ജൂലൈ രണ്ടിനാണ് എന്‍.സി.പിയെ പിളര്‍ത്തിക്കൊണ്ട് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ. മുന്നണിയില്‍ ചേക്കേറുന്നത്. പിന്നീട് ഈ വിഭാഗം എന്‍.സി.പി. (അജിത് പവാര്‍ പക്ഷം) എന്നറിയപ്പെട്ടു. അജിത് പവാറിനെതിരായ 25,000 കോടി രൂപയുടെ സഹകരണ ബാങ്ക് വായ്പ്പ തട്ടിപ്പ് കേസ് അവസാനിപ്പിക്കാന്‍ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വിചാരണക്കോടതിയെ സമീപിച്ചത് ഈ മാസം ആദ്യമാണ്. തെളിവില്ല എന്നുപറഞ്ഞാണ് ഈ കേസിലും ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇതിന് പിന്നാലെയാണ് പ്രഫുല്‍ പട്ടേലിനെതിരായ കേസ് സി.ബി.ഐയും അവസാനിപ്പിച്ചത്. അജിത് പവാര്‍ ബി.ജെ.പി. മുന്നണിയില്‍ ചേര്‍ന്നപ്പോള്‍ ഒപ്പം പോയ നേതാവാണ് പ്രഫുല്‍ പട്ടേല്‍. നേരത്തേ അജിത് പവാറിനെതിരായ 70,000 കോടി രൂപയുടെ ഇറിഗേഷന്‍ അഴിമതി കേസ് 2019 ഡിസംബറില്‍ അഴിമതി വിരുദ്ധ വിഭാഗം അവസാനിപ്പിച്ചിരുന്നു. എന്‍.സി.പി. വിട്ട് ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഇതും.

 

 

Back to top button
error: