IndiaNEWS

ബിഹാര്‍ മഹാസഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; കനയ്യയെ വെട്ടിയത് സി.പി.ഐ പക

പട്ന: ബിഹാറില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. 26 സീറ്റുകളില്‍ ആര്‍.ജെ.ഡിയും 9 സീറ്റുകളില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ ഇടതുപാര്‍ട്ടികളും മത്സരിക്കും.

പൂര്‍ണിയ, ഔറംഗബാദ് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചെങ്കിലും ലഭിച്ചില്ല. ഈ സീറ്റുകളില്‍ ആര്‍ജെഡിയാണ് മത്സരിക്കുക. സിപിഐഎംഎല്‍ നാല് സീറ്റുകള്‍ ആവശ്യപ്പെട്ടെങ്കിലും മൂന്ന് സീറ്റുകളാണ് അനുവദിച്ചത്. സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലായി മത്സരിക്കും.

പൂര്‍ണിയ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് സീറ്റ് വിഭജനം വൈകാന്‍ കാരണമായത്. പപ്പു യാദവിനെ പൂര്‍ണിയയില്‍ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത് എന്നാല്‍ ആര്‍ജെഡി ഇത് വിസമ്മതിക്കുകയായിരുന്നു. കനയ്യ കുമാറിനെ ഉള്‍പ്പടെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആവശ്യമുന്നയിച്ചെങ്കിലും ഇതിനെതിരെ സിപിഐ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ബാഗുസരയിലാണ് കനയ്യ കുമാറിന് സീറ്റ് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ ഇതേ മണ്ഡലത്തില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി കനയ്യ കുമാര്‍ മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ഥിയോട് പരാജയുപ്പെടുകയായിരുന്നു. പിന്നീട് കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് ചേരുകയായിരുന്നു.

കത്തിഹാര്‍, കിഷന്‍ഗഞ്ച്, പട്ന സാഹിബ്, സംസാരം, ബഘല്‍പൂര്‍, മുസഫര്‍നഗര്‍ തുടങ്ങിയ പ്രധാന മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന് ലഭിച്ചു.

 

Back to top button
error: