KeralaNEWS

മരണക്കയങ്ങൾ  ഒളിപ്പിച്ച് പെരുന്തേനരുവി; അറിയാതെ പോലും ഇറങ്ങരുത്

നസ്സു നിറയ്ക്കുന്ന മാദകസൗന്ദര്യവുമായി നുരഞ്ഞു പതഞ്ഞ് അലതല്ലിയൊഴുകുന്ന കാട്ടരുവി… പേരിനെ അന്വർഥമാക്കുന്ന പോലെ നയനമനോഹരമായ കാഴ്ചകൾക്കൊപ്പം, മരണക്കയങ്ങൾ കൂടി ഒളിപ്പിച്ചു വച്ചാണ് അരുവിയുടെ ഒഴുക്ക്.ഓരോ വർഷവും ഇവിടെ ജീവൻ നഷ്ടപ്പെടുത്തുന്നത് നിരവധി പേരാണ്.
പത്തനംതിട്ട ജില്ലയിലെ റാന്നി വെച്ചൂച്ചിറയിലാണ് പെരുന്തേനരുവി വെള്ളച്ചാട്ടം.പശ്ചിമഘട്ടത്തിൽ നിന്നൊഴുകിയെത്തുന്ന പെരുന്തേനരുവി വെള്ളച്ചാട്ടം കാണാൻ ദിവസേന നൂറുകണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്.വെള്ളച്ചാട്ടത്തിന്റെ മായിക ദൃശ്യം വിനോദസഞ്ചാരികളെ ആകർഷിക്കുമെങ്കിലും അരുവിയിലെ നിലയില്ലാക്കയങ്ങളിൽ പൊലിഞ്ഞു പോയ ജീവനുകൾ നിരവധിയാണ്.
പമ്പയുടെ പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. പെരുന്തേനരുവിയ്ക്കു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്.കോട്ടയം, എരുമേലി, വഴിയോ, റാന്നി, വെച്ചൂച്ചിറ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം.വെള്ളച്ചാട്ടത്തിനൊപ്പം മനോഹരങ്ങളായ പാറക്കെട്ടുകളാണ് ഇവിടെയുള്ളത്. കാലാകാലങ്ങളായി വെള്ളം ശക്തിയായി വീണ് ഈ‌ പാറക്കൂട്ടങ്ങളിൽ ഒരാൾ താഴ്ചയിലേറെ അള്ളുകൾ രൂപപ്പെട്ടിട്ടുണ്ട്.അറിയാതെ വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങുന്നവർ ഇതിൽ പെട്ടാണ് മരണം വരിക്കുന്നത്.
പെരുന്തേനരുവി വെള്ളച്ചാട്ടം കാണാന്‍ എത്തുന്ന വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര വകുപ്പിന്‍റെ വിവിധ സൗകര്യങ്ങളോടുകൂടിയ സമുച്ചയ നിര്‍മാണം ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്. മൂന്ന് നിലകളോടുകൂടിയ കെട്ടിടമാണു പൂര്‍ത്തിയായത്. താഴത്തെ നിലയില്‍ റെസ്റ്റോറന്റ് പോലെ ഉപയോഗിക്കാവുന്ന ഇടവും ഭിന്നശേഷി സൗഹൃദ ടോയ്ലറ്റും, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ടോയ്ലറ്റുകളും നിര്‍മിച്ചിട്ടുണ്ട്. രണ്ടാം നിലയില്‍ 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും ഒരുക്കിയിട്ടുണ്ട്.
എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള കോണ്‍ഫറന്‍സ് ഹാളാണ് നിര്‍മിച്ചിരിക്കുന്നത്. കോണ്‍ഫറന്‍സ് ഹാളിനോടു ചേര്‍ന്ന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേകം ഡോര്‍മെറ്ററിയും പ്രത്യേക ശുചിമുറികളും നിര്‍മിച്ചിട്ടുണ്ട്. ഡോര്‍മെറ്ററിയില്‍ മൂന്ന് ഡക്ക് കട്ടില്‍ 15 എണ്ണം വീതം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒരുക്കിയിട്ടുണ്ട്.

മലനിരകളിലൂടെ അലസമായി ഒഴുകിയെത്തുന്ന നദി വളരെ പെട്ടന്ന് രൗദ്രഭാവത്തോടെ 100 അടി ഉയരത്തില്‍ നിന്ന് താഴേക്ക്പതിക്കുമ്പോള്‍ ചുറ്റും ജലകണങ്ങള്‍ തീര്‍ക്കുന്ന ആവരണം കാഴ്ച്ചക്കാരെ ആവേശത്തിലാഴ്ത്തിയിരിക്കും. പത്തനംതിട്ടയിലെത്തുന്നവര്‍ മറക്കാതെ പോയി കണ്ടിരിക്കേണ്ടതാണ് പെരുന്തേനരുവിയുടെ സൗന്ദര്യം.

 

സഞ്ചാരികളുടെ പ്രിയപ്പെട്ടവെള്ളച്ചാട്ടങ്ങളിലൊന്നാണ് ഇന്നിത്. പുഴയ്ക്കിരുവശമുള്ള വനദൃശ്യങ്ങളും സഞ്ചാരികളുടെ മനംനിറയ്ക്കുന്നു. വെള്ളച്ചാട്ടത്തിന് തൊട്ടു മുകളിലായി ഡാമും കാണാവുന്നതാണ്.ആകർഷണവും കൗതുകവും തോന്നി അരുവിയിൽ ഇറങ്ങരുതെന്നു മാത്രം !

Back to top button
error: