KeralaNEWS

തട്ടുകടകളല്ല; ഇത് കേരളത്തിന്റെ സ്വന്തം ഊട്ടുപുരകൾ !

ദൂരെയെവിടെയെങ്കിലും പോയിട്ടോ, അല്ലെങ്കിൽ എയർപോർട്ടിലോ മറ്റോ പോയി പാതിരാത്രിയിൽ വണ്ടിയോടിച്ചു തിരിച്ചു വരുമ്പോഴോ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി അംഗവൈകല്യം സംഭവിച്ച നാലു കസേരയും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വഴിയോരത്ത് കാണുന്ന തട്ടുകടയ്ക്കു മുൻപിൽ വണ്ടി നിർത്തി എന്നെങ്കിലും ഒരു ചായ കുടിച്ചിട്ടുണ്ടോ.. ? ഇല്ലെങ്കിൽ  മനക്കണക്കുകളെല്ലാം മാറ്റിവെച്ച് ഒരിക്കലെങ്കിലും തട്ടുകടയിലെ ഭക്ഷണം കഴിക്കണം സർ.അടിച്ചു പതപ്പിച്ചു കിട്ടുന്ന വഴിയോരത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…എന്റെ സാറേ ലോകത്ത് വേറൊരിടത്തു ചെന്നാലും ഇത്രയും ടേസ്റ്റുള്ള ചായ കിട്ടില്ല! പേരെഴുതി ഒരു ബോർഡ് പോലും വെക്കാത്ത ഇത്തരം തട്ടുകടകളാണ് ഇന്നത്തെ കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

ഒരുപക്ഷെ ഹോട്ടലുകളെക്കാൾ കൂടുതൽ വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള(നഗരങ്ങളിലെ കാര്യമല്ല) ഒരു സംസ്‌ഥാനം കേരളമായിരിക്കും.തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിതത്തിന്റെ സുഖത്തിലേക്കും അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തിലേക്കും കടന്നു വന്നവയാണ് തട്ടുകടകൾ.കട്ടൻ ചായ മുതല്‍ ചിക്കന്‍ ബിരിയാണിയും കുഴിമന്തിയും വരെ വിളമ്പുന്ന തട്ടുകടകൾ പാറശ്ശാല മുതൽ അങ്ങ് മ‍ഞ്ചേശ്വരം വരെ നമുക്ക് കാണുവാൻ സാധിക്കും.

ജീവിതത്തിൽ ഒരിക്കലെങ്കിലും തട്ടുകടയിൽ നിന്നും ദോശയും ഓംലറ്റുമെങ്കിലും കഴിക്കാത്തവർ നമ്മുടെ നാട്ടിൽ വിരളമാവും. “ഈ ഹോട്ടലുകൾ ഒക്കെ എന്നാ ഉണ്ടായേ” എന്ന് പറയിപ്പിക്കാൻ തക്ക ശക്തി ഇവിടുന്നു കിട്ടുന്ന ഒരു ‘കട്ടനു’ പോലുമുണ്ട്.നല്ല നാടൻ രുചിയിൽ ഇത്രയധികം വെറൈറ്റി വിഭവങ്ങൾ തരുന്ന മറ്റൊരിടവും ഈ ഭൂമി മലയാളത്തിൽ വേറെ ഉണ്ടാകാൻ വഴിയില്ല. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ തട്ടുകടകൾ സൂപ്പറാണെന്ന് പറയുന്നതും.പഴം പൊരിയും കപ്പ ബിരിയാണിയും മുതൽ ഷവർമ്മയും കുഴിമന്തിയും വരെ യഥേഷ്ടം ലഭിക്കുന്ന തട്ടുകടകൾ ഇന്ന് നമ്മുടെ പാതയോരങ്ങളിൽ ധാരാളമുണ്ട്.എങ്കിലും കുരുമുളകിന്റെ രുചിയിൽ വരട്ടിയെടുത്ത  ബീഫ് ഫ്രൈയും പൊറോട്ടയുമാണ് തട്ടുകടകളിലെ എന്നത്തേയും വലിയ ഫേവറിറ്റുകൾ. നോൺ-വെജ് രുചികളെ ആസ്വദിക്കുന്നവർ ഒരിക്കലും മിസ് ചെയ്യരുതാത്ത ഇടമാണ് കേരളത്തിലെ തട്ടുകടകൾ.ബീഫ് ഫ്രൈ, കാട ഫ്രൈ, താറാവ് റോസ്റ്റ്, കാടമുട്ട മസാല തുടങ്ങിയവ ഇവിടുത്തെ കിടിലൻ രുചികളാണ്.ചിക്കൻ ഫ്രൈ, ചിക്കൻ പിരട്ട്, മീൻ ഫ്രൈ, ഓംലെറ്റ് തുടങ്ങിയവയ്ക്കും ആരാധകർ കുറവല്ല.കട്ടൻകാപ്പി മുതൽ എല്ലാ വിഭവങ്ങളും ചൂടോടെ ലഭിക്കുന്ന തട്ടുകടകൾക്കു തന്നെയാണ് കേരളത്തിൽ ഹോട്ടലുകളെക്കാളും കൂടുതൽ ഇന്ന് ആരാധകരുമുള്ളതെന്നു പറഞ്ഞാലും അതിശയിക്കാനില്ല.രാത്രി കാലങ്ങളില്‍ ചൂടോടെ കിട്ടുന്ന ദോശയുടെ രുചി മാത്രം മതി നാവിൽ രസമുകുളങ്ങളെ ഉണർത്താൻ!
കിളിമീൻ വറുത്തതും ചൊകചൊകന്ന അഭിവാദ്യങ്ങളോടെ തലക്കറിയും കരിമീൻ പൊള്ളിച്ചതും ഡക്കും പോർക്കും ബീഫും ഒക്കെയായി തട്ടുകടകൾ കേരളത്തിൽ കസ്റ്റമേഴ്സിനെ മാടി മാടി വിളിക്കുകയാണ്.ഇവിടുത്തെ രുചികളിൽ  തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കള്ളപ്പവും ചിക്കനും പിടിയും പാലപ്പവും വാഴയിലയിൽ കിടന്ന് പൊരിഞ്ഞു വെന്ത കരിമീനുമെല്ലാമുണ്ട്.കപ്പയും കുടമ്പുളിയിട്ട് വറ്റിച്ച മീനും ഞണ്ടും കക്കയും പള്ളത്തി വറുത്തതും പിന്നെ സ്പെഷ്യൽ താറാവ് മപ്പാസുമെല്ലാമുണ്ട്.ചേരുവകളുടെ കണക്കും പാകവും മാത്രം പോരാ നല്ല കൈവഴക്കവും വേണം ഇതിനെല്ലാം.അതുതന്നെയാണ് തട്ടുകടകളുടെ ഈ വിജയത്തിന് പിന്നിലും !

Back to top button
error: