കോട്ടയം: ‘സ്ഥാനാര്‍ഥി ഒരു പാട്ട് പാടണം’ …കോട്ടയം ലോക്‌സഭ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് കൈപ്പുഴ സെന്റ് തോമസ് അസൈലത്തില്‍ എത്തിയപ്പോള്‍ അംഗങ്ങള്‍ക്ക് ഈ ഒരൊറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ.
പിന്നെ ഒട്ടും മടിച്ചില്ല. സ്ഥാനാര്‍ഥി മനോഹരമായി പാടി ”കാലിത്തൊഴുത്തില്‍ പിറന്നവനെ കരുണ നിറഞ്ഞവനെ”… അംഗങ്ങളെല്ലാവരും ഒന്നിച്ച് അതേറ്റ് പാടിയപ്പോള്‍ സായാഹ്നം സംഗീതസാന്ദ്രമായി മാറി.
‘പി.ജെ ജോസഫ് സാറിന്റെ പാട്ട് കേട്ട് വളര്‍ന്ന പ്രവര്‍ത്തകരില്‍ ഒരാളാണ് ഞാന്‍ .പാര്‍ട്ടി പ്രവര്‍ത്തനവും പാട്ടും ഒരുമിച്ച് കൊണ്ടു പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ പാട്ടൊക്കെ മറന്ന അവസ്ഥയിലായിരുന്നു. നിങ്ങളുടെ സ്‌നേഹത്തോടെയുളള ആവശ്യം നിരാകരിക്കുന്നത് ശരിയല്ലെന്ന് തോന്നി.
ജോയി ചെമ്മാച്ചേല്‍ നിര്‍മ്മിച്ച ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി പണ്ടൊരു പാട്ട് പാടി റെക്കോര്‍ഡ് ചെയ്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല.’ സ്ഥാനാര്‍ഥി തന്റെ പാട്ടോര്‍മ്മകള്‍ കോണ്‍വെന്റിലെ അംഗങ്ങളുമായി പങ്കുവെച്ചു.
സിസ്റ്റര്‍ ഫ്രാന്‍സി ഡയറക്ടറായ കോണ്‍വെന്റില്‍ അശരണരായ 76 അംഗങ്ങളാണുള്ളത്. മുതിര്‍ന്ന അംഗങ്ങളിലൊരാളായ ആലീസ് റോസാപ്പൂ നല്‍കിയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. സ്ഥാനാര്‍ഥിയുടെ പാട്ട് കേട്ട റൂബി എന്ന അംഗം നാടന്‍പാട്ട് പാടി സദസ്സ് കൂടുതല്‍ മനോഹരമാക്കി മാറ്റി.
ടോം മാത്യു, കെ.എല്‍ ബിജു, സിനു ജോണ്‍ ,മരിയ ഗൊരോത്തി ,തോമസ് വഞ്ചിയില്‍, എം.മുരളി, ബിനു ചെങ്ങളം എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.