IndiaNEWS

‘ആക്രോശം എന്നോട് വേണ്ട’; ഇലക്ടറല്‍ ബോണ്ട് കേസില്‍ മലയാളി അഭിഭാഷകനെ ശകാരിച്ച് ചീഫ് ജസ്റ്റിസ്, നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സുപ്രീംകോടതിയില്‍ നടന്ന ചൂടുപിടിച്ച വാദത്തിനിടെ മലയാളി അഭിഭാഷകനോട് ക്ഷോഭിച്ച് ചീഫ് ജസ്റ്റിസ്. കോടതി വിധിയെ ചോദ്യംചെയ്ത മാത്യൂസ് നെടുമ്പാറയെയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയില്‍ ശകാരിച്ചത്. ഇത് പാര്‍ക്കിലെ ചര്‍ച്ചയല്ലെന്നും ഇങ്ങോട്ട് ഒച്ചയുണ്ടാക്കരുതെന്നും പറഞ്ഞ് അഭിഭാഷകനെ അടക്കിനിര്‍ത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.

പൗരന്മാരുടെ അറിവില്ലാതെയാണ് ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നടത്തിയ വിധിയെല്ലാമെന്നായിരുന്നു അഭിഭാഷകന്‍ ഇടപെട്ട് വിമര്‍ശിച്ചത്. ഇത് ഒരിക്കലും നീതീകരിക്കാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു നയപരമായ കാര്യമാണ്. കോടതി ഇടപെടേണ്ട വിഷയമല്ല. അതുകൊണ്ടാണ് തങ്ങള്‍ അറിയാതെയാണ് ഇത്തരമൊരു വിധി നടത്തിയതെന്ന തോന്നല്‍ ജനങ്ങള്‍ക്കുള്ളതെന്നും മാത്യൂസ് നെടുമ്പാറ വിമര്‍ശിച്ചു.

Signature-ad

അഭിഭാഷകന്‍ ശബ്ദമുയര്‍ത്തിയതോടെ ചീഫ് ജസ്റ്റിസ് ഇടപെട്ടു. തന്നോട് ബഹളമുണ്ടാക്കരുതെന്ന് നിര്‍ദേശിച്ചു. അതിനുശേഷവും സംസാരം തുടര്‍ന്നതോടെ ജ. ചന്ദ്രചൂഡ് ഭാഷ കടുപ്പിച്ചു: ‘ഇത് ഹൈഡ് പാര്‍ക്ക് കോര്‍ണര്‍ യോഗമല്ല. താങ്കള്‍ കോടതിയിലാണ് നില്‍ക്കുന്നത്. എന്തെങ്കിലും അപേക്ഷ നല്‍കാനുണ്ടെങ്കില്‍ അത് ഫയല്‍ ചെയ്യണം. താങ്കളുടെ വാദം കേള്‍ക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് ഞാന്‍ പറയുന്നു. വേണമെങ്കില്‍ അപേക്ഷ ഇ-മെയില്‍ വഴി സമര്‍പ്പിച്ചോളൂ. അതാണ് കോടതിയിലെ നടപടിക്രമം’-ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

നിരന്തരം മുന്നറിയിപ്പ് നല്‍കിയിട്ടും മാത്യൂസ് സംസാരം തുടര്‍ന്നതാണ് ചീഫ് ജസ്റ്റിസിനെ ചൊടിപ്പിച്ചത്. അഭിഭാഷകനെ നിയന്ത്രിക്കാനായി ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ബി.ആര്‍ ഗവായിയും ഇടപെട്ടു. കോടതി നടപടികളെ തടസപ്പെടുത്തുകയാണ് താങ്കളെന്നു പറഞ്ഞ ജ. ഗവായി കോടതിയലക്ഷ്യ നോട്ടീസ് വേണോ എന്നു ഭീഷണി മുഴക്കുകയും ചെയ്തു. ഇതോടെ മാത്യൂസ് നെടുമ്പാറ അടങ്ങുകയായിരുന്നു. കേസില്‍ ആര്‍ക്കു വേണ്ടിയാണ് അഭിഭാഷകന്‍ ഹാജരായതെന്നു വ്യക്തമല്ല.

അതേസമയം, ഇലക്ടറല്‍ ബോണ്ട് കേസില്‍ നിലപാട് കടുപ്പിക്കുകയാണ് സുപ്രീംകോടതി. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് 2019 ഏപ്രില്‍ 12 മുതലുള്ള മുഴുവന്‍ വിവരങ്ങളും എസ്.ബി.ഐ പുറത്തുവിടണമെന്നാണു കഴിഞ്ഞ ദിവസം ഉത്തരവിട്ടിരിക്കുന്നത്. ആല്‍ഫാ ന്യൂമറിക് നമ്പറുകളും സീരിയല്‍ നമ്പറുകളും പുറുത്തുവിടണമെന്ന് കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച അഞ്ചു മണിക്കുമുന്‍പ് എല്ലാ വിവരങ്ങളും എസ്.ബി.ഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച അഞ്ചു മണിക്കുമുന്‍പ് എല്ലാ വിവരങ്ങളും കൈമാറിയെന്ന് എസ്.ബി.ഐ ചെയര്‍മാന്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഒരു വിവരവും പിടിച്ചുവച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം. വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹര്‍ജി പരിഗണിച്ചപ്പോള്‍ എസ്.ബി.ഐക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. ഇലക്ടറല്‍ ബോണ്ടിലെ മുഴുവന്‍ വിവരങ്ങളും കൈമാറാന്‍ വിധിച്ചിട്ടും ഓരോ ബോണ്ടിലെയും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് സുപ്രിംകോടതി ചോദിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരാണ് ഇലക്ടറല്‍ ബോണ്ടില്‍ വാദം കേള്‍ക്കുന്ന സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

 

Back to top button
error: