യുവാക്കൾക്കിടയിൽ എറെ പ്രിയപ്പെട്ട ഒന്നാണ് ബിയർ.യുവതികളും ഇക്കാര്യത്തിൽ മോശമൊന്നുമല്ല.ബിയർപാർലറുകളിൽ മാത്രമല്ല, ബിവറേജസ് ഔട്ട്‌ലെറ്റുകളിലും തണുപ്പിച്ച ബിയറിന് പിടിച്ചുപറിയാണ്.
ഫ്രീക്കൻമാരുടെ ആക്രാന്തം കണ്ടാൽ ഇതേതോ ദാഹശമനിയാണെന്നു തോന്നും.ഓർക്കുക… ബിയർ അത്ര നല്ലതൊന്നുമല്ല.ഇതിൽ അടങ്ങിയിരിക്കുന്ന ക്രിസ്റ്റലുകളാണ് കിഡ്നികളിൽ കല്ലുണ്ടാക്കുന്നതിൽ മുൻപൻമാർ.
വീര്യം കുറവാണ്, ആൽക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്ന നിലയിൽ ബിയറിന് സ്വീകാര്യത –കൂടുതലാണ്.അതിലുപരി ബിയർ ആരോഗ്യത്തിനു നല്ലതാണെന്ന തെറ്റിധാരണയുമുണ്ട്. മദ്യമെന്നതുപോലെ ധാരാളം ദൂഷ്യഫലങ്ങൾ ചെയ്യുന്ന ഒന്നാണ് ബിയറും. അമിതമായ ബിയർ ഉപയോഗം പ്രമേഹസാധ്യത കൂട്ടുമെന്നതാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ കേരളത്തിലെ പ്രമേഹ രോഗികളുടെ എണ്ണം വരും വർഷങ്ങളിൽ കുതിച്ചുയരാനുള്ള സാധ്യതയും വളരെ കൂടുതലാണ്.ചെറുപ്പക്കാരിൽ പ്രമേഹം ഇത്രകണ്ട് വർധിക്കാനുള്ള കാരണവും മറ്റൊന്നല്ല.
ടൈപ്2 പ്രമേഹത്തിന്റെ പ്രധാന കാരണമാണ് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തന ശേഷി കുറയുന്നത്. അമിതമായ ബിയർ ഉപയോഗം ഇൻസുലിനോടുള്ള ശരീരത്തിന്റെ പ്രതികരണശേഷി(സെൻസിറ്റിവിറ്റി) കുറയ്ക്കുന്നത് പ്രമേഹം നേരത്തേവരുത്താൻ കാരണമാകും.
ബിയറിലൂെടെ ഉള്ളിലെത്തുന്ന ഊർജത്തിന്റെ അളവ് വളരെ കൂടുതലാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ച് കാലറി അളവ് ഏറ്റവും കൂടുതൽ ബിയറിലാണ്. ഒരു ഡ്രിങ്കിൽ (355 മി.ലി) 154 കാലറി. ഈ ഉയർന്ന ഊർജം അമിതവണ്ണത്തിനും അതുമൂലം പ്രമേഹത്തിനും കാരണമാകും.
ബിയറിലും എത്തനോൾ (ആൽക്കഹോൾ) അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടുതന്നെ അത് അപകടകാരിയാണ്. മറ്റു മദ്യങ്ങളെ അപേക്ഷിച്ചു ബിയറിൽ എത്തനോളിന്റെ അളവു കുറവാണ് എന്നതു സത്യം തന്നെ. എന്നാൽ കഴിക്കുന്ന ബിയറിന്റെ അളവ് കൂടുന്നതിനനുസരിച്ചു രക്തത്തിൽ കലരുന്ന എത്തനോളിന്റെ അളവും കൂടിവരും. ബിയറിൽ രണ്ടുമുതൽ 12 ശതമാനം ആണ് ആൽക്കഹോളിെന്റ അളവ്. വിസ്കി, വോഡ്ക പോലുള്ള മറ്റ് മദ്യങ്ങളിൽ ഇത് 40 ശതമാനത്തോളമാണ്. പക്ഷേ കഴിക്കുന്ന ബിയറിന്റ അളവ് കൂടിയിരിക്കുന്നതിനാൽ ദോഷമുണ്ടാക്കുന്ന കാര്യത്തിൽ ബിയറും മദ്യവും സമാസമം നിൽക്കും.
അരലിറ്റർ മദ്യം രണ്ടു പേർ ചേർന്നോ അല്ലെങ്കിൽ ഒരു ലിറ്റർ മദ്യം നാലു പേർ ചേർന്നോ തീർക്കുന്ന സാഹചര്യത്തിൽ ഒരു കുപ്പി ബിയറായിരിക്കും ഒരാൾ ഒറ്റയിരുപ്പിൽ കുടിച്ചു തീർക്കുക.ചിലപ്പോൾ കുപ്പികളുടെ എണ്ണം കൂടുകയും ചെയ്യും.പ്രത്യേകിച്ച് ചൂടുകാലങ്ങളിൽ ഡസൻ കണക്കിന് വാങ്ങി ഫ്രിഡ്ജിലും മറ്റും വച്ച് തണുപ്പിച്ചുപയോഗിക്കുന്നത്.
ബാർലി, ഗോതമ്പ്, അരി തുടങ്ങിയ അന്നജം അടങ്ങിയ പദാർഥങ്ങൾ ബ്രൂമിങ്, ഫെർമെന്റേഷൻ തുടങ്ങിയ പ്രക്രിയയിലൂടെ പുളിപ്പിച്ചാണ് ബിയർ ഉണ്ടാക്കുന്നത്. 12 ഔൺസ് (355 മില്ലി) ബിയറിൽ ശരാശരി 150 കാലറിയും 135 കാർബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. പോഷകമൂല്യങ്ങളൊന്നും നൽകാതെ ശരീരത്തിന് കാലറി മാത്രം നൽകുന്ന മദ്യ ഉല്പന്നങ്ങളെ പൊതുവിൽ ശൂന്യോർജം (Empty Calories) എന്ന് വിളിക്കുന്നു. ഇത് മറ്റു ദൂഷ്യഫലങ്ങൾക്കൊപ്പം തന്നെ ശരീരത്തിൽ പോഷകങ്ങളുടെ അഭാവത്തിനും അതുമൂലമുള്ള സങ്കീർണതയ്ക്കും കാരണമാകുന്നു. ഒപ്പം ഉയർന്ന കാലറിമൂലം ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലമുള്ള എല്ലാ പ്രശ്നങ്ങൾക്കും ബിയർ വഴിവയ്ക്കും.
ആളുകൾ ‘ലഘുവായ മദ്യപാനത്തിനായി’, മദ്യം അടിസ്ഥാനമാക്കിയുള്ള മറ്റ് പാനീയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പലപ്പോഴും ബിയർ ആണ് തിരഞ്ഞെടുക്കുന്നത്.’ബിയർ ബെല്ലി’ എന്നൊരു പദം തന്നെ നിലവിലുണ്ട്. സ്ഥിരമായ ബിയർ ഉപഭോഗം മൂലം വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഇങ്ങനെ പറയുന്നത്. അടിവയറ്റിലെ ഈ കൊഴുപ്പിനെ വിസെറൽ കൊഴുപ്പ് എന്ന് വിളിക്കുന്നു. ഇത് ശരീരത്തിന് ദോഷകരമാകുന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.