KeralaNEWS

യുക്തി വാദ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍; യു. കലാനാഥന്‍ അന്തരിച്ചു

മലപ്പുറം: കേരള യുക്തിവാദി സംഘം മുന്‍ സംസ്ഥാന അധ്യക്ഷന്‍ യു കലാനാഥന്‍ (84) അന്തരിച്ചു. ഇന്നലെ രാത്രി 11.10നാണ് അന്ത്യം. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. മരണാനന്തരം കണ്ണും ശരീരവും കോഴിക്കോട് മെഡിക്കല്‍ കോളജിനു ദാനം ചെയ്യാന്‍ എഴുതി വച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറും.

കേരളത്തിലെ യുക്തി വാദ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാളായിരുന്നു. ജനകീയാസൂത്രണ പദ്ധതി കാലത്ത് ഏറ്റവും നല്ല ഗ്രാമ പഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് സംസ്ഥാന അവാര്‍ഡ് വള്ളിക്കുന്നിനു ലഭിച്ചത് അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ്. 1979 മുതല്‍ 84 വരെ പ്രസിഡന്റായിരുന്നു. 1995 മുതല്‍ 2000 വരെ അദ്ദേഹം പഞ്ചായത്തംഗമായും പ്രവര്‍ത്തിച്ചു.

ഏറ്റവും നല്ല ഊര്‍ജ്ജ സംരക്ഷണ പ്രൊജക്ടിനുള്ള അവാര്‍ഡ്, ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഭാരത് സേവക് അവാര്‍ഡ്, സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, യുക്തി വിചാരം പുരസ്‌കാരം, വിടി മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊടിമരം സ്വര്‍ണം പൂശുന്നതിനെതിരെ 1977ല്‍ കേരള യുക്തിവാദി സംഘം നടത്തിയ സമരത്തിനു കലാനാഥനാണ് നേതൃത്വം നല്‍കിയത്. 1981ല്‍ ശബരിമലയില്‍ മകരവിളക്ക് മനുഷ്യര്‍ കത്തിക്കുന്നത് തെളിയിക്കാനും 1989ല്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കോഴി ബലി അവസാനിപ്പിക്കാനും നിയമ പോരാട്ടം നടത്തി വിജയിച്ചു.

1968ല്‍ സിപിഎമ്മില്‍ അംഗമായി. 70 മുതല്‍ 84 വരെ സിപിഎം വള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. കേരള യുക്തിവാദി സംഘം കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷനലിസ്റ്റ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു. സിപിഐയിലും അംഗമായിരുന്നു. 1984ല്‍ സിപിഎം അംഗത്വം ഉപേക്ഷിച്ചു.

കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, തിരൂരങ്ങാടി ബ്ലോക്ക് വികസന സമിതി വൈസ് ചെയര്‍മാര്‍, പരപ്പനങ്ങാടി എകെജി ആശുപത്രി ഡയറക്ടര്‍, കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റി അംഗം, പരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രോഗ്രസീവ് ഫോറം തുടങ്ങിയ സംഘടനകളില്‍ പ്രവര്‍ത്തിച്ചു.

മലപ്പുറം വള്ളിക്കുന്നില്‍ ഉള്ളിശ്ശേരി തെയ്യന്‍ വൈദ്യര്‍- യു കോച്ചി അമ്മ ദമ്പതികളുടെ മകനായി 1940 ല്‍ ജനനം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്‌കൂള്‍, ഫറോക്ക് ഗവ. ഗണപത് ഹൈസ്‌ക്കൂള്‍, ഫാറൂഖ് കോളജ്, ഫാറൂഖ് ബിഎഡ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1965 മുതല്‍ ചാലിയം ഇമ്പിച്ചി ഹാജി ഹൈസ്‌ക്കൂളില്‍ അധ്യാപകനായിരുന്നു. 1995ല്‍ അധ്യാപക ജോലിയില്‍ നിന്നു സ്വയം വിരമിച്ചു.

ആത്മാവ് സങ്കല്‍പമോ യാഥാര്‍ത്ഥ്യമോ?, ജ്യോത്സ്യം ശാസ്ത്രമോ ശാസ്ത്രാഭാസമോ?, മതം സാമൂഹ്യ പുരോഗതിയുടെ ശത്രു, ഇസ്ലാം മതവും യുക്തിവാദവും, ജീവ പരിണാമം, മതനിരപേക്ഷതയും ഏക സിവില്‍കോഡും എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. കോവൂര്‍ ട്രസ്റ്റ് പ്രസിദ്ധീകരിച്ച യുക്തിദര്‍ശനത്തിന്റെയും യുക്തിരേഖയുടെയും ചീഫ് എഡിറ്ററായിരുന്നു. നിരവധി പ്രബന്ധങ്ങള്‍ രചിച്ചു. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം കണ്ണൂര്‍ പെരളശ്ശേരി സ്വദേശിയായ എംകെ ശോഭനയെ ജീവിത പങ്കാളിയാക്കി. ഷമീര്‍ ഏക മകന്‍.

 

Back to top button
error: