KeralaNEWS

തൃശൂരിൽ ജയിച്ചേ മതിയാകൂ; പത്മജയെ ബിജെപിയിലെത്തിച്ചത് സുരേഷ് ഗോപി

തൃശൂർ: പത്മജയെ ബിജെപിയിലെത്തിച്ചത് സുരേഷ് ഗോപി.തൃശൂരിൽ എന്തു വിലകൊടുത്തും ജയിക്കുക എന്നതാണ് സുരേഷ് ഗോപി ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പത്മജ പാർട്ടിയിലെത്തിയാല്‍ തൃശ്ശൂരില്‍ അത് ഗുണകരമാകുമെന്ന് ബിജെപി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താൻ സുരേഷ് ഗോപിക്ക് സാധിച്ചു. പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പത്മജയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് ഇന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം എടുക്കാൻ പത്മജ തീരുമാനിച്ചത്.

വരുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വിജയിക്കാനുള്ള നീക്കമെന്ന നിലയിലാണ് ബിജെപി നേതൃത്വം പത്മജയെ പാളയത്തിലെത്തിക്കുന്നത്. നേരത്തെ ടി എൻ പ്രതാപൻ അടക്കമുള്ള തൃശ്ശൂരിലെ നേതാക്കള്‍ക്കെതിരെ പത്മജ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂർ മണ്ഡലത്തില്‍ നിന്നും 946 വോട്ടിനായിരുന്നു സിപിഐയിലെ പി ബാലചന്ദ്രനോട് പത്മജ പരാജയപ്പെട്ടത്. ടി എൻ പ്രതാപൻ്റെ നേതൃത്വത്തില്‍ പാർട്ടിയിലെ ഒരുവിഭാഗം തന്നെ പരാജയപ്പെടുത്തുകയായിരുന്നു എന്ന ആരോപണം ഉന്നയിച്ചാണ് പത്മജ പാർട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ പാർട്ടി നേതൃത്വം തൻ്റെ പരാതി പരിഗണിച്ചില്ലെന്നായിരുന്നു പത്മജയുടെ ആരോപണം.

തൃശ്ശൂരില്‍ തോറ്റത് ചില നേതാക്കള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉള്ളതിനാലാണെന്നും അവർ തോല്‍പിക്കാൻ കൂട്ടുനിന്നെന്നും പിന്നീട് ഒരു അഭിമുഖത്തില്‍ പത്മജ പരസ്യമായി ആരോപിച്ചിരുന്നു.

തൃശ്ശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍ വാഹനവ്യൂഹത്തില്‍ കയറ്റാത്തതിനെതിരെ കെപിസിസി നേതൃത്വത്തിന് പരാജി നല്‍കിയതായും ഒരു അഭിമുഖ സംഭാഷണത്തില്‍ പത്മജ തുറന്നടിച്ചിരുന്നു. ‘ചതിച്ചുകൊണ്ട് അധിക കാലം ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല. അവർക്കു തിരിച്ചടി സംഭവിക്കുക തന്നെ ചെയ്യു’മെന്ന പത്മജയുടെ പ്രതികരണം ടി എൻ പ്രതാപനെ ലക്ഷ്യം വെച്ചാണെന്ന് അന്നേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

എന്തായാലും പത്മജ ബിജെപി പാളയത്തില്‍ എത്തുമ്ബോള്‍ തൃശ്ശൂർ മണ്ഡലത്തില്‍ അതിൻ്റെ ഗുണഭോക്താവ് സുരേഷ് ഗോപിയാണ്. കെ കരുണാകരൻ്റെ തട്ടകമായ തൃശ്ശൂരില്‍ കെ കരുണാകരനും അദ്ദേഹത്തിൻ്റെ കുടുംബവുമായും സുരേഷ് ഗോപിക്കുള്ള ബന്ധം പത്മജയുടെ നീക്കത്തോടെ വോട്ടായി മാറുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. തൃശ്ശൂർ എടുക്കാനുള്ള ബിജെപിയുടെ ‘പൂഴിക്കടകൻ’ തന്നെയാണ് പുതിയ നീക്കമെന്ന് നിസംശയം പറയാം. പത്മജയെ ബിജെപി പാളയത്തില്‍ എത്തിച്ചത് പ്രതാപനെ പൂട്ടാനാണെന്നതും വ്യക്തം

Back to top button
error: