ന്യൂഡല്‍ഹി: ആന്ധ്രയില്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കൈകോര്‍ക്കും. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വൈ.എസ്.ഷര്‍മിള മുന്‍കയ്യെടുത്താണു സഖ്യത്തിനു രൂപം നല്‍കിയത്. സിപിഎം, സിപിഐ എന്നിവയുമായി സഖ്യമുണ്ടാക്കുമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി എന്നിവയെ നേരിടാനുള്ള ഏക മാര്‍ഗം ഒന്നിച്ചു നില്ക്കുക മാത്രമാണെന്നും ഷര്‍മിള പറഞ്ഞു. ആന്ധ്രയില്‍ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണു നടക്കുക. 2019 ലെ തിരഞ്ഞെടുപ്പില്‍ പവന് കല്യാണിന്റെ ജനസേന പാര്‍ട്ടി, ബിഎസ്പി എന്നിവയുമായി സഖ്യമുണ്ടാക്കിയാണ് ഇടതുപക്ഷം മത്സരിച്ചത്; കോണ്‍ഗ്രസ് തനിച്ചും.
സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ നേതൃത്വം അടുത്തിടെ ഷര്‍മിള ഏറ്റെടുത്തത് പാര്‍ട്ടി അണികളില്‍ ആവേശമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സഹോദരനും മുഖ്യമന്ത്രിയുമായ വൈ.എസ്.ജഗന്മോഹന് റെഡ്ഡിക്കെതിരെ പോരാടി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുകയാണു ഷര്‍മിളയുടെ പ്രഥമ ദൗത്യം. തീര്‍ത്തും ദുര്‍ബലമായ കോണ്‍ഗ്രസിന്റെ ഉയിര്ത്തെഴുന്നേല്പിനു സമയവും ക്ഷമയും ആവശ്യമാണെന്നാണ് അവരുടെ വാദം. ആന്ധ്രയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുമെന്ന് പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രഖ്യാപിച്ചു.
തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യചര്ച്ചകളിലേക്കു കടന്നിട്ടില്ല. ഒരു സീറ്റ് കോണ്‍ഗ്രസ് നല്‍കുമെന്നാണു സിപിഐയുടെ പ്രതീക്ഷ. തെലങ്കാനയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-സിപിഐ സഖ്യത്തില്‍ സിപിഎം ഭാഗമായിരുന്നില്ല.
അതേസമയം, കോണ്‍ഗ്രസ് ഭരണം പിടിച്ച തെലങ്കാനയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു പാര്‍ട്ടി ടിക്കറ്റ് ലഭിക്കാന്‍ നേതാക്കളുടെ കൂട്ടയിടി. 17 ലോക്സഭാ സീറ്റുകളിലേക്ക് ഇതുവരെ 306 പേര് അപേക്ഷ നല്കി. തെക്കന്‍ തെലങ്കാനയിലെ ഖമ്മം, നല്‍ഗോണ്ട സീറ്റുകള്‍ക്കാണ് ഏറ്റവും പിടിവലി. ഈ സീറ്റുകളുടെ പരിധിയിലുള്ള നിയമസഭാ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു.