
പത്തനംതിട്ട: അടൂരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റു. പറക്കോട് ബാറിലെ സംഘര്‍ഷം പരിഹരിക്കാന്‍ എത്തിയ സിപിഒമാരായ സന്ദീപ് , അജാസ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അടൂര്‍ സ്വദേശികളായ ഹരി, ദീപു, അനന്ദു, അമല്‍ എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടാകുന്നത്. ബാറില്‍ സംഘര്‍ഷമുണ്ടെന്നറിഞ്ഞാണ് പൊലീസെത്തിയത്. ഇവരെ ശാന്തരാക്കി പുറത്തിറങ്ങിയ ശേഷമാണ് പ്രതികള്‍ പൊലീസുകാര്‍ക്കെതിരെ കല്ലും വടികളും എറിഞ്ഞത്. മര്‍ദനത്തില്‍ പൊലീസുകാരന്റെ വയറിനും കണ്ണിനും പരിക്ക് പറ്റിയിട്ടുണ്ട്.
അതിനിടെ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സൈനികരാ ഇരട്ടസഹോദരങ്ങള്‍ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കൈയേറ്റംചെയ്തു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തന്‍, ജയന്തന്‍ എന്നിവരാണ് ആശുപത്രിയില്‍ പരാക്രമം കാട്ടിയത്.
ഞായറാഴ്ച രാത്രി പത്തുമണിയോടെ സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം ഹരിപ്പാടിന് സമീപത്ത് അപകടത്തില്‍പ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇരുവരും മദ്യലഹരിയിലാണെന്ന് ബോധ്യമായി. തുടര്‍ന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആക്രമണം അഴിച്ചുവിട്ടത്. തുടര്‍ന്ന് ബലംപ്രയോഗിച്ച് പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.






