ഹൈദരാബാദ്: യുപിഎസ്സി പരിശീലനകേന്ദ്രത്തിലെ അധ്യാപകന്റെ മോര്‍ഫ് ചെയ്ത നഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് യുവതി അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. യുവതിയുടെ അധ്യാപകനും തെലങ്കാന ഹോക്കോടതിയില്‍ അഭിഭാഷകനുമായ യുവാവിന്റെ നഗ്നചിത്രമാണ് യുവതി പ്രചരിപ്പിച്ചത്.
യുവതിക്ക് അധ്യാപകനോട് പ്രണയം തോന്നിയിരുന്നു. യുവതി ഇത് അധ്യാപകനെ അറിയിക്കുകയും ചെയ്തു. എന്നാല്‍, വിവാഹിതനായ അധ്യാപകന് വിദ്യാര്‍ത്ഥിയുടെ പ്രണയം നിരസിക്കുകയായിരുന്നു. ഇതില്‍ പക തോന്നിയിട്ടാണത്രെ അധ്യാപകന്റെ വ്യാജ നഗ്നവീഡിയോയും ചിത്രങ്ങളും യുവതി പ്രചരിപ്പിച്ചത്. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളില്‍ അധ്യാപകന്റെ പതിനൊന്നും രണ്ടും വയസുള്ള കുട്ടികളുടെ ചിത്രങ്ങള്‍ വരെ പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മാസങ്ങള്‍ക്ക് മുമ്പാണ് യുവതി ഇയാള്‍ ഫാക്കല്‍റ്റി മെമ്പറായ പരിശീലനകേന്ദ്രത്തില്‍ എത്തുന്നത്. അധ്യാപകനോട് പ്രണയം തോന്നിയ യുവതി അത് അയാളെ അറിയിക്കുകയും ചെയ്തു. എന്നാല്‍, താന്‍ വിവാഹിതനാണ് എന്നു പറഞ്ഞ് അധ്യാപകന് യുവതിയെ അവഗണിക്കുകയായിരുന്നു. ഇതില്‍ ദേഷ്യം തോന്നിയ യുവതി വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ നിന്നും അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എടുത്തു. പിന്നീട് അത് മോര്‍ഫ് ചെയ്ത ശേഷം ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും വ്യാജ അക്കൗണ്ടുകള്‍ തുടങ്ങി അതുവഴി പ്രചരിപ്പിക്കുകയായിരുന്നു.
അതുപോലെ സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററുകള്‍, ഹൈക്കോടതിയുടെ ഔദ്യോഗിക പേജ് തുടങ്ങിയ ഇടങ്ങളിലെല്ലാം അവ പോസ്റ്റ് ചെയ്യുകയും ചെയ്തു. തീര്‍ന്നില്ല, അധ്യാപകന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും എല്ലാം മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുകയും ചെയ്തു. ഹൈദ്രാബാദിലെ സൈബര്‍ ക്രൈം പൊലീസാണ് ഒടുവില്‍ ഇവരെ അനന്തപൂരില്‍ നിന്നും പിടികൂടിയത്.