തിരുവനന്തപുരം: സ്ത്രീലക്ഷങ്ങള്‍ വ്രതം നോറ്റ് കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്കു പണ്ടാര അടുപ്പില്‍ തീ കത്തിച്ചതോടെ തുടക്കം. തന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്നു മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരിക്ക് നല്‍കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ച ശേഷം ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. പിന്നീടാണു വലിയ തിടപ്പള്ളിയിലും പണ്ടാര അടുപ്പിലും തീ കത്തിച്ചത്. തുടര്‍ന്ന് ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാല അടുപ്പുകളിലേക്കു തീ പകര്‍ന്നു. രാവിലെ 10നു ശുഭപുണ്യാഹത്തിനു ശേഷമാണു ചടങ്ങുകള്‍ ആരംഭിച്ചത്.
അതേസമയം, രാവിലെ പെയ്ത ചാറ്റല്‍ മഴ ഭക്തര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയായിരുന്നു മഴ. ക്ഷേത്രപരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും അല്പസമയം ചാറ്റല്‍ മഴ തുടര്‍ന്നു.
തിരുവനന്തപുരം നഗരത്തെ യാഗശാലയാക്കിയാണു ഭക്തലക്ഷങ്ങള്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നത്. സൂചി കുത്താന്‍ ഇടയില്ലാത്ത വിധം തമ്പാനൂര്‍ അടക്കമുള്ള നഗരത്തിന്റെ ഹൃദയഭാഗത്തു വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാലയിടുന്ന ഭക്തര്‍ക്ക് ദാഹജലം വിതരണം ചെയ്യാനും അന്നദാനം നല്‍കാനുമായി ആയിരക്കണക്കിനു സംഘടനകളും വ്യക്തികളുമാണു രംഗത്തുള്ളത്. 2.30-ന് ഉച്ച പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. 300 ശാന്തിക്കാരെയാണ് നിവേദ്യത്തിനായി നിയോഗിച്ചിട്ടുള്ളത്. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തും. രാത്രി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. 27 ന് പുലര്‍ച്ചെ 12.30 ന് നടത്തുന്ന കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.