IndiaNEWS

പിണറായിക്കൊപ്പം കെജ്രിവാളും മാനും; പ്രതിഷേധ മുന്നണിയില്‍ മൂന്ന് മുഖ്യമന്ത്രിമാര്‍

ന്യൂഡല്‍ഹി: സംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ സമീപനങ്ങള്‍ക്കെതിരേ ഡല്‍ഹിയില്‍ കേരളമൊരുക്കിയ സമരമുഖത്ത് അണിനിരന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍. പിണറായിക്കൊപ്പം ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വേദിപങ്കിട്ടു. തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധിയായി പഴനിവേല്‍ ത്യാഗരാജന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സിപിഐ നേതാവ് ഡി. രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്ത പ്രതിഷേധ സമരം മോദി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സുപ്രധാന ചുവടുവെപ്പായി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് പ്രതിഷേധ മാര്‍ച്ചായാണ് ജന്തര്‍മന്തറിലേക്കെത്തിയത്. തുടര്‍ന്ന് നടന്ന ചടങ്ങില്‍ സിപിഎം നേതാവ് എളമരം കരീം സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. സി.പി.ഐക്ക് പുറമേ എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കളായ ജോസ് കെ. മാണി, കെ.ബി. ഗണേഷ് കുമാര്‍, കെ.പി. മോഹനന്‍ അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

Signature-ad

വിവിധ മേഖലകളില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്ന നിയമനിര്‍മാണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതികള്‍ക്ക് ബ്രാന്‍ഡിങ് അടിച്ചേല്‍പ്പിക്കുന്നതോടെ ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്നു. ജനക്ഷേമത്തെ ഉത്തരവാദിത്വമായി കാണുന്ന ഒരു സര്‍ക്കാരിനും ഗുണഭോക്താക്കളുടെ ആത്മാഭിമാനം ചോദ്യംചെയ്ത് പദ്ധതികളെ ബ്രാന്‍ഡ് ചെയ്യാനാകില്ല. സംസ്ഥാനങ്ങള്‍ വലിയ വിഹിതത്തില്‍ പണം ചെലവാക്കുന്ന പദ്ധതികള്‍ക്കും കേന്ദ്ര പദ്ധതികളുടെ പേര് വെക്കണമെന്ന നിര്‍ബന്ധമാണ് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇല്ലെങ്കില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുള്ള നാമമാത്രമായ തുകപോലും നല്‍കില്ലെന്ന് പറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാവിലെ 11 മണിയോടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരളത്തില്‍നിന്നുള്ള ഇടത് ജനപ്രതിനിധികളുടെ സംഘം കേരള ഹൗസില്‍നിന്ന് ജന്തര്‍മന്തറിലേക്ക് പ്രകടനമായെത്തി. ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്റെ പോരാട്ടം എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.

 

Back to top button
error: