KeralaNEWS

കെ റെയിലുമായി മുന്നോട്ടുതന്നെയെന്ന് പ്രഖ്യാപനം; തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയും മുന്നോട്ട്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു തന്നെയാണെന്ന പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. നിയമസഭയില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുമ്പോഴാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുമായും സര്‍ക്കാര്‍ മുന്നോട്ടാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം മെട്രോ പദ്ധതിക്ക് വൈകാതെ കേന്ദ്ര അനുമതി ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

”അതിവേഗ ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള കെ റെയില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള കൂടിയാലോചനകളും നടക്കുന്നുണ്ട്.” -ധനമന്ത്രി പറഞ്ഞു.

Signature-ad

വന്ദേഭാരത് ട്രെയിനുകള്‍ വന്നതോടെ, അതിവേഗ റെയിലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ജനങ്ങള്‍ക്കും മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയില്‍വേ വികസനം അവഗണിക്കപ്പെട്ടു. കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്. റെയില്‍വേ വഴിയുള്ള ചരക്കുനീക്കവും കനത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഓടിയെത്താന്‍ റെയില്‍വേയ്ക്കു സാധിക്കുന്നില്ലെന്നും അദ്ദേഹം വിലയിരുത്തി. നിലവിലുള്ള റെയില്‍പാതകളുടെ നവീകരണവും വളവുനിവര്‍ത്തലും ഇരട്ടപ്പാത നിര്‍മാണവും പൂര്‍ത്തിയാകുന്നതിനൊപ്പം തന്നെ, പുതിയ അതിവേഗ പാത കൂടി വരേണ്ടത് സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് അനിവാര്യമാണെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

Back to top button
error: