KeralaNEWS

ചര്‍ച്ചപോലും നടന്നിട്ടില്ല; സിപിഐ സാധ്യതാ പട്ടിക തള്ളി ബിനോയ് വിശ്വം

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. എല്ലാ സീറ്റുകളിലും എല്‍ഡിഎഫ് ഉചിതമായസമയത്ത് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ബിജെപി ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നതില്‍ ആശങ്ക ഇല്ല. രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ ചോദ്യം ചെയ്യപ്പെടുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ബുദ്ധിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

ചര്‍ച്ചകള്‍ നടക്കും മുന്‍പേ പേരുകള്‍ പുറത്തുവന്നത് തെറ്റായ പ്രവണതയാണ്. രാഹുലിന്റെ പോരാട്ടം ഒറ്റ ബിജെപിക്കാര്‍ വിജയിക്കാത്ത കേരളത്തില്‍ വേണമോ എന്നത് കോണ്‍ഗ്രസ് തീരുമാനിക്കണം. രാഹുല്‍ഗാന്ധി ബിജെപിയെ ഭയന്ന് തെക്കോട്ട് ഓടി എന്ന് വ്യാഖ്യാനിക്കപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Signature-ad

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സീറ്റുകളില്‍ ധാരണയായതായി വിവരം പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും തൃശ്ശൂരില്‍ മുന്‍മന്ത്രി വി എസ് സുനില്‍കുമാറും സിപിഐ സ്ഥാനാര്‍ത്ഥികളാകും എന്നായിരുന്നു റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ സിപിഐ കണ്ട്രോള്‍ കമ്മീഷന്‍ അംഗം സത്യന്‍ മൊകേരിയുടെ പേരാണ് പറഞ്ഞുകേട്ടിരുന്നത്.

ബിജെപിയുമായി കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന തൃശ്ശൂരില്‍ നേരത്തേ തന്നെ സുനില്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരില്‍ കൃഷിവകുപ്പ് മന്ത്രിയായിരുന്ന സുനില്‍കുമാര്‍ സിപിഐയുടെ ജനകീയ മുഖങ്ങളില്‍ ഒരാളാണ്. 2011 ല്‍ കയ്പ്പമംഗലത്ത് നിന്നും 2016 ല്‍ തൃശ്ശൂരില്‍ നിന്നും നിയമസഭയിലെത്തിയ സുനില്‍കുമാര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

 

Back to top button
error: