7.5 ശതമാനം പലിശ, നികുതി ഇളവ്; പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം വിശദാംശങ്ങൾ
നിക്ഷേപത്തിന് സുരക്ഷയും മെച്ചപ്പെട്ട റിട്ടേണും ലഭിക്കാന്‍ പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് സ്‌കീം തെരഞ്ഞെടുക്കുന്നത് അഭികാമ്യമാണ്. ബാങ്ക് എഫ്ഡി പോലെ പോസ്റ്റ് ഓഫീസ് എഫ്ഡി എന്നാണ് ടൈം ഡെപ്പോസിറ്റ് സ്‌കീമിനെ വിശേഷിപ്പിക്കുന്നത്. വിവിധ കാലയളവിലേക്കായി നിക്ഷേപിക്കാന്‍ കഴിയുന്ന തരത്തിലാണ് സ്‌കീം. 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് പലിശ.
നിക്ഷേപകന്റെ ആവശ്യം അനുസരിച്ച് ദീര്‍ഘകാലത്തേയ്ക്കും ഹ്രസ്വകാലത്തേയ്ക്കും നിക്ഷേപിക്കാനാവും. ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം, അഞ്ചുവര്‍ഷം എന്നിങ്ങനെ നിക്ഷേപിക്കാനുള്ള ഓപ്ഷന്‍ ആണ് ഉള്ളത്. ജോയിന്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ആകും എന്നതാണ് മറ്റൊരു പ്രത്യേകത. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്കും ഈ സ്‌കീം തെരഞ്ഞെടുക്കാവുന്നതാണ്.
കുറഞ്ഞത് ആയിരം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഒരു വര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 6.9 ശതമാനം പലിശയാണ് ലഭിക്കുക. രണ്ടുവര്‍ഷം കാലാവധി ഉദ്ദേശിച്ചാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഏഴുശതമാനം പലിശ ലഭിക്കും. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ 7.5 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്.
അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കുന്നതെങ്കില്‍ നികുതി ഇളവിന് അര്‍ഹതയുണ്ട്. 1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരമാണ് നികുതി ഇളവ്. 5 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭ്യമല്ല.